സൗദിയിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി അധികൃതർ

ഔദ്യോഗിക മാധ്യമങ്ങളിലൂടെ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഭരണകൂടം വ്യക്തമാക്കി.

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച വരെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫെൻസിന്റെ മുന്നറിയിപ്പ്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ ജനങ്ങളും വിദേശികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും മഴ സമയത്ത് വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്‌വരകളിലേക്കോ അരുവികളിലേക്കോ പോകരുതെന്നും സിവിൽ ഡിഫെൻസ് നിർദേശിച്ചു. കുത്തിയൊഴുകുന്ന വെള്ളത്തിൽ നീന്താനോ വാഹനങ്ങളിൽ വെള്ളക്കെട്ട് മുറിച്ചുകടക്കാനോ തുനിയരുത്. ഔദ്യോഗിക മാധ്യമങ്ങളിലൂടെ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഭരണകൂടം വ്യക്തമാക്കി.

മക്ക മേഖലയിലെ താഇഫ്, മൈസാൻ, അദ്ഹം, അൽ അർദിയാത്ത് തുടങ്ങിയ ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മീറ്റിയോറോളജി അറിയിച്ചു. അപ്രതീക്ഷിത വെള്ളപ്പൊക്കം, ആലിപ്പഴ വീഴ്ച, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. കാറ്റിൽ പൊടിപടലങ്ങൾ ഉയരുന്നത് കാഴ്ചപരിധി കുറയ്ക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം.

മക്ക നഗരം, അൽ കാമിൽ, അൽ ജുമും, ബഹ്റ എന്നിവിടങ്ങളിൽ സാധാരണ മഴ ലഭിക്കും. കൂടാതെ ജീസാൻ, അസീർ, അൽ ബാഹ എന്നീ പ്രവിശ്യകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. മദീന, നജ്റാൻ എന്നിവിടങ്ങളിൽ സാധാരണ മഴ ലഭിച്ചേക്കും. അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നേക്കാവുന്ന മേഖലകളിൽ നിന്ന് മാറിനിൽക്കണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിച്ചു.

Content Highlights: Heavy rain is expected in parts of Saudi Arabia until Tuesday, according to a weather advisory issued by authorities. Residents have been urged to remain cautious and follow official safety instructions during the period.

To advertise here,contact us