ഗാർഹിക തൊഴിൽ മേഖലയിൽ ഇളവുകളുമായി സൗദി അറേബ്യ; താമസ അനുമതി ലഭിച്ചില്ലെങ്കിൽ എളുപ്പത്തിൽ മടങ്ങാം

അബ്ഷർ വഴി ഫൈനൽ എക്‌സിറ്റ് അനുവദിക്കുന്നതിന് ചില പ്രധാന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്

സൗദി അറേബ്യയിലെ ഗാർഹിക തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ആശ്വാസകരമായ പുതിയ നിയമപരിഷ്കാരം പ്രാബല്യത്തിൽ. രാജ്യത്തെത്തി താമസ അനുമതി ലഭിച്ചിട്ടില്ലാത്ത ഗാർഹിക തൊഴിലാളികൾക്ക് 90 ദിവസത്തെ പ്രൊബേഷൻ കാലയളവിനുള്ളിൽ തന്നെ ഫൈനൽ എക്സിറ്റ് വിസ അനുവദിക്കാനുള്ള സൗകര്യമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. തൊഴിലുടമകൾക്ക് അബ്ഷർ (Absher) പ്ലാറ്റ്‌ഫോം വഴി തന്നെ ഇതിനുള്ള നടപടികൾ വളരെ എളുപ്പത്തിൽ പൂർത്തിയാക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്‌സ് (ജവാസാത്ത്) അറിയിച്ചു.

എന്നാൽ, അബ്ഷർ വഴി ഫൈനൽ എക്‌സിറ്റ് അനുവദിക്കുന്നതിന് ചില പ്രധാന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. തൊഴിലാളി മരണപ്പെട്ടതോ, മുൻകൂട്ടി അറിയിക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്നതോ ആകരുത്. കൂടാതെ തൊഴിലാളി സൗദിക്ക് പുറത്തായിരിക്കാനും പാടില്ല. തൊഴിലാളിയുടെ പേരിൽ ട്രാഫിക് ലംഘനങ്ങളോ മറ്റ് സാമ്പത്തിക കുടിശ്ശികകളോ ഉണ്ടാകാൻ പാടില്ലെന്നതിനൊപ്പം പാസ്‌പോർട്ടിന് കുറഞ്ഞത് 60 ദിവസത്തെ കാലാവധിയും നിർബന്ധമാണ്.

മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ചട്ടപ്രകാരം തൊഴിലുടമയും തൊഴിലാളിയും തമ്മിൽ എഴുത്തുപരമായ കരാർ നിർബന്ധമാണ്. നിയമപ്രകാരമുള്ള പരമാവധി 90 ദിവസത്തെ പ്രൊബേഷൻ സമയത്ത് തൊഴിലാളിയുടെ തൊഴിൽശേഷിയും പെരുമാറ്റവും വിലയിരുത്തി കരാർ അവസാനിപ്പിക്കാൻ ഇരുവിഭാഗത്തിനും അവകാശമുണ്ടായിരിക്കും.

ഒരേ തൊഴിലുടമയ്ക്ക് കീഴിൽ ഒരേ തൊഴിലാളിയെ ഒന്നിലധികം തവണ പ്രൊബേഷൻ കാലയളവിൽ ഉൾപ്പെടുത്താൻ പാടില്ലെന്നും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ആദ്യ ജോലിയിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു ജോലിയിലേക്ക് മാറ്റാൻ ഇരു കൂട്ടരും പരസ്പരം സമ്മതിക്കുകയാണെങ്കിൽ വീണ്ടും പ്രൊബേഷൻ അനുവദിക്കാവുന്നതാണ്.

Content Highlights: Saudi Arabia has introduced relaxations for domestic workers, including provisions related to residence permits. Workers who do not receive the required residence permit may now have an easier process to return, subject to the applicable regulations.

To advertise here,contact us