സൗദി അറേബ്യയിലെ റിയാദില്‍ വ്യോമാക്രമണ മുന്നറിയിപ്പ്. ഹൂതികള്‍ ആക്രമണം കടുപ്പിച്ചതിന് ശേഷം ആദ്യമായാണ് റിയാദില്‍ മുന്നറിയിപ്പ് നല്‍കുന്നത്. മുന്നറിയിപ്പിന് പിന്നാലെ താമസക്കാര്‍ക്ക് സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെ രാത്രി വൈകിയും ഇന്ന് രാവിലെയുമാണ് സൗദി പ്രതിരോധ സേന മുന്നറിയിപ്പ് നല്‍കിയത്. റിയാദില്‍ നിന്നും സ്ഫോടന ശബ്ദങ്ങള്‍ കേട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. അതേസമയം താമസക്കാർ ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് തുടരാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടമായി ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അടിയന്തിര സാഹചര്യത്തിൽ 911 എന്ന നമ്പറിൽ വിളിക്കാനും നിർദ്ദേശിച്ചു. പ്രതിരോധ സേനയുടെ സാമൂഹ്യ മാധ്യമമായ എക്സിലൂടെയുള്ള തുടർച്ചയായ പോസ്റ്റുകളിലൂടെയാണ് അധികൃതർ അക്കാര്യം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ ഖമീസ് മുഷെെത്, അബ്ഹ, തായിഫ് എന്നിവിടങ്ങളിലുണ്ടായ ഹൂതി ആക്രമണത്തിൽ 13 പേർക്ക് പരിക്കേൽക്കുകയും ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഹൂത്തി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് ഉത്തരവാദിത്വത്തോടെയും ശക്തമായും പ്രതികരിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി വ്യക്തമാക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെയും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങളുടെയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശം, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഹൂതി ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നും സഖ്യസേന അറിയിച്ചിരുന്നു.
Content Highlight: Saudi authorities issued an air safety alert in Riyadh as a precautionary measure and later reassured residents that there was no immediate cause for concern, urging the public to follow official updates.