സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ തെക്ക്, പടിഞ്ഞാറൻ മേഖലകളിൽ സെപ്റ്റംബർ 22 ചൊവ്വാഴ്ച വരെ പ്രതികൂല കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.
ജസാൻ, അസീർ പ്രവിശ്യകളിലാണ് മഴ ഏറ്റവും ശക്തമാകാൻ സാധ്യതയുള്ളത്. ജസാനിലെ അൽ-അരിദ, സബ്യ, അബു അരിഷ്, ഫൈഫ, അൽ-ദർബ്, ഹറൂബ് തുടങ്ങിയ ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ജസാൻ നഗരത്തിലും ഫറാസാൻ ദ്വീപിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
അസീറിലെ അബഹ, ഖമീസ് മുഷൈത്, അഹദ് റാഫിദ, അൽ-നമസ്, തനോമ, ബിഷ, മഹായിൽ എന്നിവിടങ്ങളിലും അൽ-ബഹ, ബൽജുരാഷി പ്രദേശങ്ങളിലും അടുത്ത ദിവസങ്ങളിൽ മഴ കനക്കും. മക്ക മേഖലയിലെ തായിഫ്, മെയ്സാൻ, തീരദേശ മേഖലകളായ അൽ-ഖുൻഫുദ, അൽ-ലിത് എന്നിവിടങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
മഴയോടൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും ഉണ്ടാകും. വെള്ളക്കെട്ടുകൾ രൂപപ്പെടാനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ താഴ്വരകളിൽ ഇറങ്ങരുതെന്നും സിവിൽ ഡിഫൻസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
Content Highlights: Saudi Arabia has issued a weather warning over the possibility of heavy rainfall in the coming days. Residents have been advised to remain cautious and follow official weather updates during the period of expected rainfall.