സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലെ അൽ തുവാൽ (Al-Tuwal Governorate) ഗവർണറേറ്റിൽ യമനിലെ ഹൂതികളുടെ പ്രൊജക്ടൈല്‍ പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് അറിയിച്ചു. കൂടാതെ ഒരു പള്ളിക്കും നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് അടിയന്തര നടപടിക്രമങ്ങൾ നടത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.
സൗദിയുടെ തെക്കൻ അതിർത്തി മേഖലകളെ ലക്ഷ്യമാക്കി ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ മേഖലയിലെ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്നതിനിടെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയതായും സ്ഥിതിഗതികൾ ബന്ധപ്പെട്ട ഏജൻസികൾ നിരീക്ഷിച്ചുവരുന്നതായും സിവിൽ ഡിഫൻസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഈസ്റ്റ്-വെസ്റ്റ് എണ്ണ പെെപ്പ്ലെെനുകൾക്ക് നേരെ ഇറാഖിൽ നിന്നുള്ള ഡ്രോണാക്രമണവും നടന്നിരുന്നു. ഇതിൽ എണ്ണ പെെപ്പ്ലെെനുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് പെെപ്പ്ലെെനുകളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. അമേരിക്ക-ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യ എണ്ണ കയറ്റുമതിക്ക് ഉപയോഗിച്ചിരുന്ന ബദൽ മാർഗമായിരുന്നു ഈ പെെപ്പ്ലെെനുകൾ. പ്രതിദിനം അൻപത് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇതുവഴി സൗദി ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്തേക്ക് എത്തിക്കുന്നുണ്ടായിരുന്നു.
Content Highlight: Two people were injured following an incident in Al-Tuwal governorate in Saudi Arabia’s Jazan region, while Civil Defense teams carried out the required safety procedures.