സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ പ്രൊജക്റ്റ് മാനേജ്മെന്റ് തസ്തികകളിൽ 70 ശതമാനം സ്വദേശിവത്ക്കരണം (സൗദിവത്ക്കരണം) നടപ്പിലാക്കുന്നു. 2027 ഫെബ്രുവരി 14 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മുൻസിപ്പാലിറ്റി ആൻഡ് ഹൗസിങ് മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
രാജ്യത്തെ വിദഗ്ധ തൊഴിൽ മേഖലകളിൽ സൗദിവത്ക്കരണം വേഗത്തിലാക്കുക, തദ്ദേശീയരായ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുക, തൊഴിൽ വിപണിയിലെ അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിഷൻ 2030, ലേബർ മാർക്കറ്റ് സ്ട്രാറ്റജി എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് പുതിയ നീക്കം.
പ്രൊജക്റ്റ് മാനേജ്മെന്റ് മേഖലയിൽ മൂന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും. ഇത്തരം സ്ഥാപനങ്ങളിൽ ആകെ ജീവനക്കാരുടെ 70 ശതമാനവും സൗദി പൗരന്മാരായിരിക്കണം.
പ്രൊജക്റ്റ് മാനേജ്മെന്റ് ഡയറക്ടർ, പ്രൊജക്റ്റ് മാനേജ്മെന്റ് എഞ്ചിനീയർ, പ്രൊജക്റ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് എന്നീ പ്രൊഫഷണൽ തസ്തികകളാണ് ഈ പദ്ധതിക്ക് കീഴിൽ വരുന്നത്. സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻസ് തരംതിരിച്ചിട്ടുള്ള ഈ തസ്തികകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിർബന്ധമായും നിയമം പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
തീരുമാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റിൽ വിശദമായ ഗൈഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗദിവത്ക്കരണ അനുപാതം കണക്കാക്കുന്ന വിധം, പാലിക്കേണ്ട മാനദണ്ഡങ്ങൾ, ഉൾപ്പെടുന്ന തസ്തികകൾ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ സ്ഥാപന ഉടമകൾക്ക് ഇതിലൂടെ മനസ്സിലാക്കാം. രാജ്യത്തെ സ്വദേശി തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും തൊഴിൽ വിപണിയുടെ കാര്യക്ഷമത കൂട്ടാനും ലക്ഷ്യമിട്ടുള്ള നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
Content Highlights: Saudi Arabia is moving to tighten Saudisation requirements across additional job roles. The policy is aimed at increasing employment opportunities for Saudi nationals and could affect expatriate workers in the private sector.