സൗദിയിൽ വരും മണിക്കൂറുകളിൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; മുന്നറിയിപ്പുമായി അധികൃതർ

കടുത്ത ചൂടിനിടയിലും ജിസാൻ, അസീർ തുടങ്ങിയ തെക്കൻ മേഖലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന് കടുത്ത ചൂട് അനുഭവപ്പെടുമ്പോൾ, മറ്റു ചില മേഖലകളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും മിന്നൽപ്രളയത്തിനും ആലിപ്പഴവർഷത്തിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലാണ് ഏറ്റവും ഉയർന്ന താപനില പ്രതീക്ഷിക്കുന്നത്. ദമ്മാമിൽ ചൂട് 49 ഡിഗ്രി വരെ ഉയർന്നേക്കും. തലസ്ഥാന നഗരമായ റിയാദിലും ബുറൈദയിലും 47 ഡിഗ്രിയും മക്കയിൽ 45 ഡിഗ്രിയും മദീനയിൽ 43 ഡിഗ്രിയും ജിദ്ദയിൽ 42 ഡിഗ്രിയും വരെ ചൂട് രേഖപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ അബഹ (31 ഡിഗ്രി), അൽബാഹ (30 ഡിഗ്രി) തുടങ്ങിയ സുഖകരമായ കാലാവസ്ഥയുള്ള ഉയർന്ന പ്രദേശങ്ങളിൽ താപനില താരതമ്യേന കുറവായിരിക്കും.

കടുത്ത ചൂടിനിടയിലും ജിസാൻ, അസീർ തുടങ്ങിയ തെക്കൻ മേഖലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴ കാരണം പെട്ടെന്നുണ്ടാകുന്ന മിന്നൽപ്രളയത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂടാതെ അൽബാഹ, മക്ക എന്നിവിടങ്ങളിലെ മലയോര മേഖലകളിൽ നേരിയതോ മിതമായതോ ആയ ഇടിമിന്നലോടു കൂടിയ മഴയും മൂടൽമഞ്ഞും പ്രതീക്ഷിക്കുന്നുണ്ട്.

മഴയ്‌ക്കൊപ്പം രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ കാറ്റും പൊടിക്കാറ്റും വീശിയടിക്കാൻ സാധ്യതയുണ്ട്. റിയാദ്, മക്ക, മദീന, ദമ്മാം, നജ്റാൻ, തബൂക്ക് തുടങ്ങിയ നഗരങ്ങളിൽ കാറ്റിൽ മണലും പൊടികളും ഉയരുന്നത് കാഴ്ചപരിധിയെ ബാധിച്ചേക്കാം. അതിനാൽ വാഹനമോടിക്കുന്നവരും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യ-കാലാവസ്ഥാ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

Content Highlights: Authorities in Saudi Arabia have warned of possible weather changes in the coming hours and urged residents to remain cautious.

To advertise here,contact us