ഹജ്ജ് തീർത്ഥാടകർക്ക് താമസസൗകര്യം ഒരുക്കുന്ന കേന്ദ്രങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യ

ഹജ്ജ് സീസണിനായി ലൈസൻസ് നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ ആവശ്യമായ അറ്റകുറ്റപ്പണികളും തയ്യാറെടുപ്പുകളും നേരത്തെ പൂർത്തിയാക്കി പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ടൂറിസം മന്ത്രാലയം നിർദേശിച്ചു

ഹജ്ജ് തീർത്ഥാടകർക്ക് താമസസൗകര്യം ഒരുക്കുന്ന കേന്ദ്രങ്ങൾക്കായി പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. 2027ലെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി മക്കയിലും മദീനയിലും ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കുന്ന താമസകേന്ദ്രങ്ങൾക്കായുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സൗദി ടൂറിസം മന്ത്രാലയം. കൂടാതെ തീർത്ഥാടകർക്ക് താമസസൗകര്യം നൽകുന്ന കേന്ദ്രങ്ങൾക്കായുള്ള പുതുക്കിയ നിയമങ്ങളും മാനദണ്ഡങ്ങളും സൗദി ടൂറിസം മന്ത്രാലയം അംഗീകരിച്ചു. തീർത്ഥാടകർക്കുള്ള താമസ കേന്ദ്രങ്ങളുടെ പ്രവർത്തനക്ഷമതയും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും തീർത്ഥാടകരെ സ്വീകരിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമങ്ങൾ എന്ന് അധികൃതർ അറിയിച്ചു.

സുരക്ഷാ സംവിധാനങ്ങൾ, അവശ്യ സേവനങ്ങളുടെ തുടർച്ച, മറ്റ് പ്രവർത്തന മാനദണ്ഡങ്ങൾ എന്നിങ്ങനെയുള്ളവയാണ് പുതുക്കിയ നിയമങ്ങളിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. തീർത്ഥാടകർക്ക് സുരക്ഷിതവും ക്രമബദ്ധവുമായ താമസസൗകര്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. പുതിയ മാനദണ്ഡങ്ങൾ പ്രകാരം ഹജ്ജ് സീസണിൽ പ്രവർത്തിക്കുന്ന താമസസൗകര്യ കേന്ദ്രങ്ങളെ 'ഫസ്റ്റ് ക്ലാസ്' , 'ഇക്കണോമി ക്ലാസ്' എന്നീ രണ്ട് വിഭാഗങ്ങളായി തരംതിരിക്കും. ഓരോ വിഭാഗത്തിനും പ്രത്യേക മാനദണ്ഡങ്ങളും സേവന നിബന്ധനകളും ബാധകമായിരിക്കും.

പൊതുസ്ഥലങ്ങൾ, ഗസ്റ്റ് റൂമുകൾ, സ്വീകരണ മുറികൾ, ശുചിത്വം, ​ഗസ്റ്റ് സർവീസുകൾ എന്നിവയ്ക്കും പുതിയ മാർഗനിർദേശങ്ങൾ ബാധകമാണ്. കൂടാതെ ലൈസൻസ് അനുവദിക്കുന്നതിന് മുമ്പും പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പും പ്രവർത്തന കാലയളവിനിടയിലും വിവിധ ഘട്ടങ്ങളിലായി പരിശോധനകളും നിരീക്ഷണ സംവിധാനങ്ങളും നടപ്പാക്കും. ഇത്തരം പരിശോധന സംവിധാനങ്ങിലൂടെ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

തീർത്ഥാടകരെ സ്വീകരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് സൗദി അറേബ്യയുടെ ചരിത്രപരമായ ഉത്തരവാദിത്തമാണെന്നും പുതിയ മാനദണ്ഡങ്ങൾ സുരക്ഷിതവും മികച്ചതുമായ താമസാനുഭവം തീർത്ഥാടകർക്ക് ഉറപ്പാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 2027 ഹജ്ജ് സീസണിനായി ലൈസൻസ് നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ ആവശ്യമായ അറ്റകുറ്റപ്പണികളും തയ്യാറെടുപ്പുകളും നേരത്തെ പൂർത്തിയാക്കി പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ടൂറിസം മന്ത്രാലയം നിർദേശിച്ചു.

Content Highlight: Saudi Arabia has approved updated regulations and classification standards for accommodation facilities serving Hajj pilgrims to improve service quality and operational readiness

To advertise here,contact us