സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വരെ തുടരുന്ന പ്രതീകൂല കാലാവസ്ഥയിൽ ജസാൻ, അസീർ എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
വ്യാഴാഴ്ച അതിരാവിലെയോടെ തെക്കൻ അസീറിൽ ആരംഭിക്കുന്ന മഴ പിന്നീട് ജസാനിലേക്കും ഫറസാൻ ദ്വീപുകളിലേക്കും വ്യാപിക്കും. താൽക്കാലിക ശമനത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ ജസാനിലും പടിഞ്ഞാറൻ അസീറിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ ശക്തമാകും. ഉച്ചയ്ക്കും വൈകുന്നേരത്തിനുമിടയിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും അസീർ-ജസാൻ അതിർത്തി മേഖലകളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്.
വെള്ളിയാഴ്ച രാവിലെയോടെ തെക്കൻ അസീറിലും കിഴക്കൻ ജസാനിലും വീണ്ടും മഴയെത്തും. ഉച്ചയ്ക്ക് ശേഷം മഴ വീണ്ടും ശക്തി പ്രാപിക്കുകയും ജസാനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും തായിഫിന്റെ കിഴക്കൻ മേഖലകളിലും വടക്കുപടിഞ്ഞാറൻ അസീറിലും മഴ പെയ്യുകയും ചെയ്യും. പടിഞ്ഞാറൻ അസീറിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ മഴ ശക്തമാകുമെങ്കിലും ജസാനിൽ ക്രമേണ കുറയുമെന്നാണ് പ്രവചനം.
ശനിയാഴ്ച പടിഞ്ഞാറൻ അസീറിന്റെ ചില ഭാഗങ്ങളിലും തായിഫിന്റെ കിഴക്കൻ പ്രദേശങ്ങളിലും നേരിയ മഴ ലഭിക്കും. എന്നാൽ വൈകുന്നേരത്തോടെ ജസാൻ നഗരത്തിന് സമീപവും അസീർ തീരപ്രദേശങ്ങളിലും ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. തുടർന്ന് ശനിയാഴ്ച രാത്രിയോടെ മക്ക, അൽ ബാഹ, അസീർ, ജസാൻ എന്നീ പ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: Saudi Arabia's weather centre has issued an alert stating that rain is expected to continue in the southwestern regions of the country until Saturday. Residents have been advised to stay alert and follow safety guidelines.