സൗദി അറേബ്യയിൽ സൗന്ദര്യവർധക ഉത്പ്പന്നങ്ങളുടെ പാക്കേജിംഗ് സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുന്നു. മരുന്ന് ഉത്പ്പന്നങ്ങളുമായി സാമ്യമുള്ള രൂപകൽപ്പനകളോടെ വിപണിയിലെത്തുന്ന ചില സൗന്ദര്യവർധക ഉത്പ്പന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ നിയമം 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) അറിയിച്ചു. ഉപഭോക്താക്കളിൽ ആശയക്കുഴപ്പം ഒഴിവാക്കുകയും ഉത്പ്പന്നങ്ങളുടെ സുരക്ഷിതമായ വിപണനം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പുതിയ നടപടിയുടെ ലക്ഷ്യം.
ബാഹ്യ ഉപയോഗത്തിനായി മാത്രം ഉപയോഗിക്കുന്ന ചില സൗന്ദര്യവർധക ഉത്പ്പന്നങ്ങൾ സിറിഞ്ച്, ആംപ്യൂളുകൾ, കുപ്പികൾ തുടങ്ങിയ മരുന്നുകളുടെ പാക്കേജിംഗ് മാതൃകകളിൽ വിപണനം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പുതിയ നിയമപ്രകാരം സിറിഞ്ച് മാതൃകയിലുള്ള പാക്കേജിംഗിൽ വിൽക്കുന്ന കോസ്മെറ്റിക് ഉത്പ്പന്നങ്ങൾ സൗദി വിപണിയിൽ അനുവദിക്കില്ല.
അതേസമയം, ആംപ്യൂളുകൾ, കുപ്പികൾ എന്നിവയുടെ രൂപത്തിലുള്ള പാക്കേജിംഗിൽ ഉത്പ്പന്നങ്ങൾ വിൽക്കാൻ അനുമതിയുണ്ടെങ്കിലും കർശന നിബന്ധനകൾ പാലിക്കണം. ഇത്തരം ഉത്പ്പന്നങ്ങളുടെ അകത്തെയും പുറത്തെയും പാക്കേജിംഗിൽ 'ബാഹ്യ സൗന്ദര്യവർധക ഉപയോഗത്തിന് മാത്രം, ശരീരത്തിൽ കുത്തിവെക്കരുത്' ( the product is for external cosmetic use only and must not be injected) എന്ന മുന്നറിയിപ്പ് അറബിയിലും ഇംഗ്ലീഷിലും വ്യക്തമായി രേഖപ്പെടുത്തണം. കൂടാതെ കണ്ണുകളുമായി സമ്പർക്കം ഒഴിവാക്കണമെന്നും ഉത്പ്പന്നം തുറക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ലേബലിൽ വ്യക്തമാക്കേണ്ടതുണ്ട്.
നിലവിലെ ഉത്പ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കുകയോ പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി മാറ്റങ്ങൾ വരുത്തുകയോ ചെയ്യാൻ നിർമാതാക്കൾക്കും ഇറക്കുമതിക്കാർക്കും മറ്റ് സ്ഥാപനങ്ങൾക്കും 2026 ഡിസംബർ 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഈ സമയപരിധിക്ക് ശേഷവും നിയമങ്ങൾ പാലിക്കാത്ത ഉത്പ്പന്നങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് എസ്എഫ്ഡിഎ മുന്നറിയിപ്പ് നൽകി.
Content Highlight: Saudi Arabia will implement new regulations for cosmetic product packaging from 2027 as part of efforts to improve safety standards and consumer protection