സൗദി അറേബ്യയിലെ റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള മുഴുവൻ ഭക്ഷ്യ സ്ഥാപനങ്ങളിലും നിരീക്ഷണവും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനായി വിപ്ലവാത്മക മാറ്റങ്ങളുമായി മുനിസിപ്പൽ മന്ത്രാലയം. പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥർ ഇനി ശരീരത്തിൽ ധരിക്കുന്ന പ്രത്യേക പോർട്ടബിൾ 'ബോഡി ക്യാമറകൾ' അധികൃതർ നിർബന്ധമാക്കി. റെസ്റ്റോറന്റുകളിലെയും മറ്റ് ഭക്ഷ്യ ശാലകളിലെയും നിയമലംഘനങ്ങളും സുരക്ഷാ വീഴ്ചകളും യാതൊരു തർക്കങ്ങൾക്കും ഇടയില്ലാത്തവിധം കൃത്യമായി രേഖപ്പെടുത്താനാണ് സ്മാർട്ട് നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായി ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
പരിശോധനാ വേളയിലെ ദൃശ്യങ്ങളും ശബ്ദവും തത്സമയം പകർത്തി മന്ത്രാലയത്തിന്റെ 'മുംതസിൽ' (Mumthasil) ആപ്പിലേക്ക് നേരിട്ട് ബന്ധിപ്പിക്കാൻ ഈ ക്യാമറകൾക്ക് കഴിയും. ഫീൽഡ് പരിശോധനകളിൽ ഉയർന്ന സുതാര്യത ഉറപ്പുവരുത്താനും ഉദ്യോഗസ്ഥരുടെയും സ്ഥാപന ഉടമകളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കാനും ഈ സംവിധാനം ഏറെ പ്രയോജനം ചെയ്യും. വ്യാജ ആരോപണങ്ങൾ ഒഴിവാക്കാനും അനാവശ്യ തർക്കങ്ങൾ പരിഹരിക്കാനും, ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്താനും ഇതിലൂടെ സാധിക്കും.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി വലിയ പരിഷ്കാരങ്ങളാണ് മന്ത്രാലയം നടപ്പിലാക്കി വരുന്നത്. തൊഴിലാളികളുടെ ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുക, ജീവനക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനങ്ങൾ നൽകുക, ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി വൃത്തിയും ആരോഗ്യവും ഉറപ്പാക്കുക തുടങ്ങിയ വിവിധ സുരക്ഷാ നടപടികളും ഇതിനകം ശക്തമാക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റികളും ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകളും സംയുക്തമായാണ് സൗദിയിലുടനീളം ഈ സമഗ്ര പരിശോധനകൾ നടത്തുന്നത്.
ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും മന്ത്രാലയം ഊന്നിപ്പറയുന്നുണ്ട്. റസ്റ്റോറന്റുകളിലോ മറ്റ് സ്ഥാപനങ്ങളിലോ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളോ ശുചിത്വമില്ലായ്മയോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. ലഭിക്കുന്ന പരാതികളിൽ കൂടുതൽ വേഗത്തിലും കൃത്യതയോടും കൂടി നടപടിയെടുക്കാൻ പുതിയ ബോഡി ക്യാമറ സംവിധാനം വഴി സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
Content Highlights: Saudi Arabia has introduced a new measure requiring food safety field officers to use body cameras during inspections. The move aims to improve transparency, monitor inspection procedures, and strengthen food safety standards.