സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സുരക്ഷാ സേന പരിശോധന കർശനമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരാഴ്ചയ്ക്കകം 14,400-ലധികം നിയമലംഘകരെയാണ് അധികൃതർ പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്.
അറസ്റ്റിലായവരിൽ ഭൂരിഭാഗവും താമസനിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്നവരാണ്. അതിർത്തി സുരക്ഷ ലംഘിച്ചവർ, തൊഴിൽ നിയമങ്ങൾ പാലിക്കാത്തവർ എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. അനധികൃതമായി അതിർത്തി കടന്ന് സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,500-ലേറെ പേരെ സുരക്ഷാ വിഭാഗം പിടികൂടി. ഇവരിൽ ഏറെയും എത്യോപ്യൻ, യമൻ പൗരന്മാരാണ്. കൂടാതെ, നിയമലംഘനം നടത്തുന്നവർക്ക് താമസവും യാത്രാസൗകര്യവും ഒരുക്കി നൽകിയ നിരവധിയാളുകളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
നിലവിൽ പതിനായിരക്കണക്കിന് വിദേശികളാണ് വിവിധ കേന്ദ്രങ്ങളിലായി നിയമനടപടികൾ നേരിടുന്നത്. ഇതിൽ വലിയൊരു വിഭാഗത്തെ യാത്രാരേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ എംബസികളിലേക്കും കോൺസുലേറ്റുകളിലേക്കും അയച്ചിട്ടുണ്ട്. തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള നടപടികൾ പൂർത്തിയാക്കി നിരവധി പേരെ ഇതിനകം തന്നെ നാടുകടത്തുകയും ചെയ്തു.
നിയമലംഘകർക്ക് അഭയമോ ഗതാഗത സൗകര്യമോ നൽകുന്നത് ഗുരുതര കുറ്റകൃത്യമായി പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരക്കാർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിച്ചേക്കാം. കുറ്റകൃത്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിർദ്ദിഷ്ട ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെട്ട് വിവരമറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Content Highlights: Saudi authorities have intensified action against residency, labour and border security violations, detaining more than 14,400 people in a single week as part of ongoing enforcement measures.