ആഗോള ടൂറിസം പട്ടികയിൽ തിളങ്ങി പുണ്യനഗരങ്ങൾ; സന്ദർശകരുടെ എണ്ണത്തിൽ ചരിത്രനേട്ടവുമായി മക്കയും മദീനയും

തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിട്ടും മികച്ച സേവനം ഉറപ്പാക്കാൻ സൗദിക്ക് സാധിച്ചു

ലോകത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സന്ദർശകരെത്തുന്ന നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം നേടി മക്ക. ടൂറിസം പ്രകടന സൂചികയിൽ പ്രവാചക നഗരിയായ മദീന ഏഴാം സ്ഥാനവും സ്വന്തമാക്കി. സൗദി വിഷൻ 2030-ന്റെ ഭാഗമായുള്ള 'ദുയൂഫ് അർറഹ്മാൻ' പരിപാടിയുടെ 2025-ലെ വാർഷിക റിപ്പോർട്ടിലാണ് ഈ നേട്ടങ്ങൾ വ്യക്തമാക്കുന്നത്.

2025-ൽ മാത്രം വിദേശ രാജ്യങ്ങളിൽ നിന്ന് ഒരു കോടി 95 ലക്ഷത്തിലധികം തീർത്ഥാടകരാണ് സൗദി അറേബ്യയിലെത്തിയത്. അതിൽ ഒരു കോടി 80 ലക്ഷം പേർ ഉംറ തീർത്ഥാടകരും 15 ലക്ഷം പേർ ഹജ്ജ് തീർത്ഥാടകരുമായിരുന്നു. 2022-നെ അപേക്ഷിച്ച് ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ 114 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് ദുയൂഫ് അർറഹ്മാൻ സേവന പരിപാടി പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിട്ടും മികച്ച സേവനം ഉറപ്പാക്കാൻ സൗദിക്ക് സാധിച്ചു. ഹജ്ജ് തീർത്ഥാടകരിൽ 91 ശതമാനവും ഉംറ തീർത്ഥാടകരിൽ 94 ശതമാനവും ഉയർന്ന സേവന സംതൃപ്തി രേഖപ്പെടുത്തി. ഇത് വിഷൻ 2030 ലക്ഷ്യങ്ങൾക്കും മുകളിലാണ്. പ്രവാചക പള്ളിയിലെ റൗദ ശരീഫിൽ കഴിഞ്ഞ വർഷം ഒരു കോടി 60 ലക്ഷം പേർ സന്ദർശനം നടത്തി. 2022-ലെ 57 ശതമാനത്തിൽ നിന്ന് 88 ശതമാനമായി സന്ദർശകരുടെ എണ്ണം ഉയർന്നു.

60-ലേറെ സ്ഥാപനങ്ങളുമായി സഹകരിച്ച് 87 പദ്ധതികളാണ് തീർത്ഥാടകരുടെ സേവനത്തിനായി 2025-ൽ നടപ്പാക്കിയത്. മക്കയിലും മദീനയിലുമായി സ്ഥിതിചെയ്യുന്ന 87 അംഗീകൃത ചരിത്ര, സാംസ്കാരിക കേന്ദ്രങ്ങളിൽ 5.5 കോടിയിലധികം പേരാണ് സന്ദർശിച്ചത്. 1.84 ലക്ഷത്തിലധികം പുരുഷ-വനിതാ സന്നദ്ധ പ്രവർത്തകരാണ് സേവന രംഗത്തുണ്ടായിരുന്നത്.

2025-ൽ ഉംറയും സന്ദർശനവും ഉൾപ്പെടെ ആകെ ഒന്നര കോടി വിസകൾ അനുവദിച്ചതിൽ 83 ശതമാനവും ഉംറ വിസകളായിരുന്നു. പാകിസ്താൻ, ഇന്തോനേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഉംറ വിസ ലഭിച്ചവരിൽ മുന്നിൽ നിൽക്കുന്നത്. സന്ദർശകരുടെ യാത്ര സുഗമമാക്കാൻ സൗദി നടപ്പാക്കിയ വികസന പദ്ധതികളുടെ വിജയമാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ.

Content Highlights: The holy cities of Makkah and Madinah have gained prominence in global tourism rankings with record visitor numbers. The achievement highlights their growing significance as major destinations for travellers worldwide.

To advertise here,contact us