സൗദി അറേബ്യയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം മൂന്നിയൂർ ചിനക്കൽ സ്വദേശി എരണിക്കൽ അലവി ഹാജിയുടെ മകൻ നൗഫൽ (44) ആണ് മരിച്ചത്. 'ബാവ' എന്ന പേരിൽ അറിയപ്പെടുന്ന നൗഫൽ സൗദിയിലെ തെക്കൻ മേഖലയായ അബ്ഹയ്ക്കും ജീസാനുമിടയിലുള്ള ദർബിലാണ് അപകടത്തിൽപ്പെട്ടത്.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവേ നൗഫലും സഹപ്രവർത്തകരും അപകടത്തിൽപ്പെടുകയായിരുന്നു. ദർബിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന മൂന്നംഗ സംഘം റോഡ് മുറിച്ചുകടക്കുന്നതിനിടെ ഈജിപ്ഷ്യൻ പൗരൻ ഓടിച്ച വാഹനം ഇവർക്ക് മേൽ ഇടിച്ചുകയറി. അപകടത്തിൽ പരിക്കേറ്റ തിരുവനന്തപുരം ബാലരാമപുരം സ്വദേശി സവാദ് നിലവിൽ ഖമീസ് മുശൈത്തിലെ സൗദി ജർമൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന മൂന്നാമൻ പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
നൗഫലിന്റെ മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ജിസാൻ കെഎംസിസി ജനറൽ സെക്രട്ടറിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ വിങ് അംഗവുമായ ഖാലിദ് പട്ല, ശമീർ അമ്പലപ്പാറ, സുൽഫിക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള കെഎംസിസി വെൽഫെയർ ടീം ആവശ്യമായ നിയമനടപടികൾക്ക് മുൻകൈയെടുക്കുന്നുണ്ട്.
Content Highlights: A Malayali youth in Saudi Arabia died while receiving treatment after being injured in a road accident. The incident has left the expatriate community in mourning, with further details awaited.