നിയമലംഘകർക്കെതിരെ കടുത്ത നടപടി; സൗദിയിൽ 14,000-ത്തിലധികം പേർ പിടിയിൽ

നിയമലംഘകർക്ക് താമസസൗകര്യം ഒരുക്കുക, ജോലിക്കെടുക്കുക, യാത്ര ചെയ്യാൻ സഹായിക്കുക എന്നിവ ചെയ്ത 17 പേരെയും സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു

സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവർക്കെതിരെ രാജ്യവ്യാപക പരിശോധന ശക്തമാക്കി അധികൃതർ. ജൂലൈ 23 മുതൽ ജൂലൈ 29 വരെയുള്ള ഒരൊറ്റ ആഴ്ചയ്ക്കുള്ളിൽ നടത്തിയ പരിശോധനകളിൽ 12,613 പ്രവാസികളെയാണ് സൗദി ഭരണകൂടം നാടുകടത്തിയത്. വിവിധ സുരക്ഷാ ഏജൻസികൾ സംയുക്തമായി നടത്തിയ റെയ്ഡുകളിലാണ് ഇത്രയും പേർ പിടിയിലായത്.

പരിശോധനാ കാലയളവിൽ ആകെ 14,154 നിയമലംഘകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 7,103 പേർ താമസരേഖ (ഇഖാമ) ലംഘിച്ചവരും 3,397 പേർ തൊഴിൽ നിയമങ്ങൾ പാലിക്കാത്തവരും 3,654 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരുമാണ്. കൂടാതെ, രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 1,418 പേരും അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 23 പേരും പിടിയിലായിട്ടുണ്ട്.

നിയമലംഘകർക്ക് താമസസൗകര്യം ഒരുക്കുക, ജോലിക്കെടുക്കുക, യാത്ര ചെയ്യാൻ സഹായിക്കുക എന്നിവ ചെയ്ത 17 പേരെയും സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. നിലവിൽ 30,679 പേർ നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിൽ 17,903 പേരെ ഔദ്യോഗിക യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. 5,424 പേർ നാടുകടത്തലിന് മുന്നോടിയായുള്ള യാത്രാ നടപടികൾ പൂർത്തിയാക്കിവരികയാണ്.

അനധികൃത കുടിയേറ്റക്കാർക്കും നിയമലംഘകർക്കും സഹായം നൽകുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പാണ് സൗദി ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്നത്. അതിർത്തി ലംഘകരെ രാജ്യത്തേക്ക് കടത്താനോ, അവർക്ക് അഭയം നൽകാനോ, മറ്റ് സഹായങ്ങൾ ചെയ്യാനോ ശ്രമിക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കും. കൂടാതെ, ഇതിനായി ഉപയോഗിച്ച വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടുമെന്നും കുറ്റക്കാരുടെ പേരുകൾ പരസ്യപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Saudi Arabia has taken strict action against law violators, with more than 14,000 people detained during enforcement operations. Authorities continue efforts to ensure compliance with residency, labour, and other regulations.

To advertise here,contact us