ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും തളരാതെ സൗദി സമ്പദ്‌വ്യവസ്ഥ: പ്രശംസയുമായി ഐഎംഎഫ്

സൗദി സെൻട്രൽ ബാങ്കിന്റെ അറ്റ വിദേശ ആസ്തികൾ 2025 അവസാനത്തോടെ 437 ബില്യൺ ഡോളറായി ഉയർന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു

പശ്ചിമേഷ്യയിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തവും സ്ഥിരതയുള്ളതുമായി തുടരുന്നുവെന്ന് അന്താരാഷ്ട്ര മോണിറ്ററി ഫണ്ട്. 2026-ലെ ആർട്ടിക്കിൾ നാല് കൺസൾട്ടേഷൻ റിപ്പോർട്ടിലാണ് ഐ‌എം‌എഫ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോർട്ടിനെ സൗദി അറേബ്യൻ ധനകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. രാജ്യത്തിന്റെ മികച്ച ആസൂത്രണവും വിഷൻ 2030 പരിഷ്കാരങ്ങളുമാണ് പ്രതിസന്ധികളെ അതിജീവിക്കാൻ സഹായകരമാകുന്നതെന്നാണ് ഐ‌എം‌എഫ് വിലയിരുത്തൽ.

ഒപെക് പ്ലസ് ഉത്പ്പാദന വെട്ടിക്കുറവുകൾ ക്രമേണ പിൻവലിച്ചതും ആഭ്യന്തര വിപണിയിലെ ആവശ്യം വർദ്ധിച്ചതുമാണ് സൗദി സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകിയത്. 2025-ൽ 4.6 ശതമാനം സാമ്പത്തിക വളർച്ചയാണ് രാജ്യം കൈവരിച്ചത്. പ്രതിദിനം 70 ലക്ഷം ബാരൽ അസംസ്കൃത എണ്ണ യാൻബു തുറമുഖത്തേക്ക് എത്തിക്കുന്ന കിഴക്ക്-പടിഞ്ഞാറ് പൈപ്പ്‌ലൈൻ വഴി, പ്രാദേശിക സംഘർഷങ്ങൾക്കിടയിലും കയറ്റുമതി തടസ്സമില്ലാതെ തുടരാൻ സൗദിക്ക് സാധിച്ചു.

സൗദി സെൻട്രൽ ബാങ്കിന്റെ അറ്റ വിദേശ ആസ്തികൾ 2025 അവസാനത്തോടെ 437 ബില്യൺ ഡോളറായി ഉയർന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബാങ്കിങ് മേഖലയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2025-ൽ നിഷ്ക്രിയ വായ്പകൾ ഒരു ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കുറഞ്ഞ സർക്കാർ കടവും ആഗോള സാമ്പത്തിക ആഘാതങ്ങളെ പ്രതിരോധിക്കാനുള്ള ബാങ്കിങ് ശേഷിയും രാജ്യത്തിന് കൂടുതൽ കരുത്താകുന്നു.

വിഷൻ 2030 പരിഷ്കാരങ്ങളിലൂടെ എണ്ണയെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാൻ സൗദിക്ക് സാധിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭരണസേവനങ്ങൾ എന്നിവയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഫലപ്രദമായി നടപ്പിലാക്കിയതിനെയും ഐഎംഎഫ് പ്രശംസിച്ചു. ഐക്യരാഷ്ട്രസഭയുടെ ഇ-ഗവൺമെന്റ് സൂചികയിലും ഓക്‌സ്‌ഫോർഡ് എഐ സന്നദ്ധതാ സൂചികയിലും സൗദി മികച്ച നേട്ടമുണ്ടാക്കി. എഐ സാങ്കേതികവിദ്യയുടെ ഉപയോഗം വരും ദശകത്തിൽ സൗദിയുടെ യഥാർത്ഥ ജിഡിപിയിൽ ആറ് ശതമാനം വരെ വർദ്ധനവുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

Content Highlights: The International Monetary Fund (IMF) has commended Saudi Arabia's economy for maintaining resilience despite continuing geopolitical tensions. The IMF highlighted the country's economic stability and performance amid challenging regional conditions.

To advertise here,contact us