ഒന്നാമതായി സൗദി; ജി20 രാജ്യങ്ങളുടെ 2025ലെ പട്ടികയില്‍ ഏറ്റവും സുരക്ഷിതമായ രാജ്യം

ആകെ ജനസഖ്യയുടെ 97.7 ശതമാനം ആളുകള്‍ക്കും രാത്രികളില്‍ സുരക്ഷിതമായി അവരുടെ പ്രാദേശിക ഇടങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് റിപ്പോർട്ട്

ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ ജി20 പട്ടികയില്‍ ഒന്നാമതായി സൗദി അറേബ്യ. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (ജിഎഎസ്ടിഎടി) പുറത്തിറക്കിയ റിപ്പോർട്ടിലാണ് സുരക്ഷിത രാജ്യങ്ങളിൽ സൗദി അറേബ്യ ഒന്നാമതായത്. ഐക്യരാഷ്ട്ര സഭയുടെ സസ്റ്റയിനബിള്‍ ഡെവലപ്‌മെന്റ് ഗോള്‍സ്(SDGs) ന്റെ 2023ലെ റിപ്പോര്‍ട്ടുകളുമായുള്ള താരതമ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഈ നിഗമനം.

സൗദിയിൽ ആകെ ജനസഖ്യയുടെ 97.7 ശതമാനം ആളുകള്‍ക്കും രാത്രികളില്‍ സുരക്ഷിതമായി അവരുടെ പ്രാദേശിക ഇടങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതില്‍ 15 വയസിന് മുകളിലുള്ള ആൺകുട്ടികളിൽ 97 ശതമാനം ആളുകള്‍ക്കും രാത്രിയാത്ര സുരക്ഷിതമാണ്. ഇതില്‍ തന്നെ 86 ശതമാനത്തോളം ആളുകള്‍ക്ക് അതീവ സുരക്ഷിതരായി സൗദിയില്‍ രാത്രിയാത്ര സുഗമമാണെന്നാണ് കണക്കുകള്‍ പറയുന്നത്. അതുപോലെ 94.9 ശതമാനത്തോളം വരുന്ന മുതിര്‍ന്ന സ്ത്രീകളും സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വയോജനങ്ങളും സൗദിയില്‍ ഏറെ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 60നും 64നും ഇടയിലുള്ള 97.2 ശതമാനം ആളുകളും രാത്രിയില്‍ ഒറ്റയ്ക്ക് നടക്കാന്‍ സുരക്ഷിതരാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. 65ന് മുകളിലുള്ള 89. 6 ശതമാനം ആളുകളാണ് അതീവ സുരക്ഷിതമായി രാത്രി കാലങ്ങളില്‍ സൗദിയിലൂടെ സഞ്ചരിക്കാമെന്ന് പറയുന്നത്.

സൗദി ഗവണ്‍മെന്റ് അതിയായ ശ്രദ്ധയോടും സൂഷ്മതയോടും കൂടെ സുരക്ഷയ്ക്ക് വേണ്ട കാര്യങ്ങളും നിയന്ത്രണങ്ങളും നടത്തുന്നുണ്ട് എന്നതു തന്നെയാണ് ജനങ്ങള്‍ക്ക് ഇത്തരത്തില്‍ രാത്രി സഞ്ചാരം സുരക്ഷിതമായതിന്റെ കാരണം. ഇത് രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, ജീവിത നിലവാരം, ഭക്ഷണം, പരിസ്ഥിതി , ആരോഗ്യം, സാമൂഹികം, രാഷ്ട്രീയം, സാങ്കേതികത തുടങ്ങിയ എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നുണ്ട്. ഇത് സൗദി വിഷന്‍ 2030 എന്നതിലേക്കുള്ള പിന്തുണയാകുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

Content Highlights: Saudi Arabia has been ranked the safest country among G20 nations in 2025 according to the latest global safety assessment

To advertise here,contact us