സൗദി പ്രവാസികള്‍ക്ക് ആശ്വാസം; വര്‍ക്ക് പെര്‍മിറ്റ് ശരിയാക്കാനുള്ള സമയപരിധി ഈ വര്‍ഷാവസാനം വരെ നീട്ടി

സ്‌പോണ്‍സര്‍ഷിപ്പ് അടക്കമുള്ള പ്രതിസന്ധികളില്‍ അകപ്പെട്ട് ഇഖാമ പുതുക്കാന്‍ കഴിയാതെ ആശങ്കയിലിരിക്കുന്ന ആയിരക്കണക്കിന് പ്രവാസി തൊഴിലാളികള്‍ക്ക് ഈ ഇളവ് വലിയ ആശ്വാസമാണ്

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ആശ്വാസം. വിദേശ തൊഴിലാളികള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കുമുള്ള വര്‍ക്ക് പെര്‍മിറ്റ് സ്റ്റാറ്റസ് നിയമവിധേയമാക്കുന്നതിനുള്ള സമയപരിധി ഈ വര്‍ഷാവസാനം വരെ നീട്ടി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. 12 മാസം മുമ്പ് വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞവര്‍ക്കും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്ത് ആറ് മാസമായിട്ടും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാത്തവര്‍ക്കും ഈ ഉത്തരവ് സഹായകരമാകും.

തൊഴില്‍ ചട്ടങ്ങള്‍ പാലിക്കുന്നത് ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. മാത്രവുമല്ല, തൊഴില്‍ കരാറിലുള്ള എല്ലാ തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നല്‍കുക എന്നിവയും ഈ നീക്കത്തിന്റെ ലക്ഷ്യമാണ്.

വര്‍ക്ക് പെര്‍മിറ്റ് കാലാവധി മൂന്ന് മാസത്തിലേറെ കഴിഞ്ഞവര്‍ക്ക് അത് ശരിയാക്കുന്നതിനുള്ള ഇളവ് കാലാവധി ഇന്ന് അവസാനിരിക്കെയാണ് പുതിയ തീരുമാനം. സ്‌പോണ്‍സര്‍ഷിപ്പ് അടക്കമുള്ള പ്രതിസന്ധികളില്‍ അകപ്പെട്ട് ഇഖാമ പുതുക്കാന്‍ കഴിയാതെ ആശങ്കയിലിരിക്കുന്ന ആയിരക്കണക്കിന് പ്രവാസി തൊഴിലാളികള്‍ക്ക് ഈ ഇളവ് വലിയ ആശ്വാസമാണ്.

നീട്ടിനല്‍കിയ സമയപരിധിക്കുള്ളില്‍ തന്നെ തൊഴിലുടമകളും ജീവനക്കാരും വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കുകയോ കൈപ്പറ്റുകയോ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. ഈ പരിധിക്കുള്ളില്‍ വര്‍ക്ക് പെര്‍മിറ്റ് ശരിയാക്കിയില്ലെങ്കില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Content Highlights: Saudi Arabia has extended the work permit status regularisation deadline until the end of the year

To advertise here,contact us