സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കാനും തിരുത്തലുകൾ വരുത്താനുമുള്ള സമയപരിധി നാളെ അവസാനിക്കും. നിശ്ചിത സമയത്തിനകം വർക്ക് പെർമിറ്റ് പുതുക്കാത്ത തൊഴിലുടമകൾ വലിയ രീതിയിലുള്ള നിയമനടപടികളും അധിക സാമ്പത്തിക ബാധ്യതകളും നേരിടേണ്ടി വരുമെന്ന് സൗദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്ത വർക്ക് പെർമിറ്റുകൾ ഉള്ളവരെ കമ്പനികളുടെ ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളിയുടെ താമസാനുമതി രേഖയായ 'ഇഖാമ'യ്ക്ക് കുറഞ്ഞത് 180 ദിവസത്തെ കാലാവധിയെങ്കിലും ബാക്കിയുണ്ടെങ്കിൽ അവരെ തൽക്കാലം രേഖകളിൽ നിന്ന് നീക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇഖാമയുടെ കാലാവധി 180 ദിവസത്തിൽ താഴെയാണെങ്കിൽ ഭാവിയിലെ നിയമനടപടികൾ ഒഴിവാക്കാൻ ഇഖാമയും വർക്ക് പെർമിറ്റും ഒരുമിച്ച് തന്നെ പുതുക്കണമെന്നത് നിർബന്ധമാണ്. വർക്ക് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞിട്ടും തൊഴിലാളികളെ നിയമവിരുദ്ധമായി ജോലിയിൽ തുടരാൻ അനുവദിക്കുന്ന തൊഴിലുടമകൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകും.
വർക്ക് പെർമിറ്റ് ഫീസും അതുമായി ബന്ധപ്പെട്ട മറ്റ് സാമ്പത്തിക ബാധ്യതകളും നിയമപ്രകാരം തൊഴിലുടമ തന്നെയാണ് വഹിക്കേണ്ടതെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ, പെർമിറ്റുകൾ പുതുക്കാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ കമ്പനികൾക്കും സ്പോൺസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സൗദി ഭരണകൂടത്തിന്റെ ഈ പുതിയ നടപടി ആയിരക്കണക്കിന് പ്രവാസി തൊഴിലാളികളെയും വിവിധ സ്ഥാപനങ്ങളെയും നേരിട്ട് ബാധിക്കാൻ സാധ്യതയുണ്ട്.
Content Highlights: Saudi authorities have reminded expatriates and employers that the deadline for renewing work permits expires tomorrow. Those who fail to complete the renewal process on time may face penalties and administrative consequences.