സൗദി അറേബ്യയിൽ ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ വിജയകരമായി പൂർത്തിയായതിന് പിന്നാലെ, 2027 ഹജ്ജ് സീസണിനായുള്ള മുൻകൂട്ടി തയ്യാറെടുപ്പുകൾക്ക് സൗദി അധികൃതർ തുടക്കം കുറിച്ചു. വരുംവർഷങ്ങളിൽ തീർത്ഥാടകർക്ക് കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ പ്രവർത്തന ആസൂത്രണവും വിവിധ ഏജൻസികൾ തമ്മിലുള്ള മികച്ച ഏകോപനവും കൂടുതൽ സജ്ജീകരണങ്ങളും ഒരുക്കണമെന്ന് ഉദ്യോഗസ്ഥർ ശുപാർശ ചെയ്തു.
ഹജ്ജ്-ഉംറ കാര്യങ്ങൾക്കായുള്ള മക്ക പ്രിൻസിപ്പാലിറ്റി ഏജൻസിയും പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാമിന്റെ ഹജ്ജ് പ്രോജക്ട് മാനേജ്മെന്റ് ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന ചർച്ചാ യോഗങ്ങളിലാണ് ഈ നിർണായക നിർദ്ദേശങ്ങൾ ഉയർന്നുവന്നത്. മക്ക ഡെപ്യൂട്ടി അമീർ പ്രിൻസ് സൗദ് ബിൻ മിഷാലിന്റെ മേൽനോട്ടത്തിൽ നടന്ന ഈ യോഗങ്ങളിൽ, പുണ്യസ്ഥലങ്ങളിൽ തീർത്ഥാടകർക്ക് സേവനം നൽകുന്ന 60 സർക്കാർ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.
കഴിഞ്ഞ 2026-ലെ ഹജ്ജ് സീസണിന്റെ വിലയിരുത്തലുകളും അതിന്റെ വിജയത്തെ അടിസ്ഥാനമാക്കിയുള്ള ഭാവി ശുപാർശകളും യോഗത്തിൽ പങ്കെടുത്തവർ വിശദമായി അവലോകനം ചെയ്തു. പ്രവർത്തന പദ്ധതികൾ മെച്ചപ്പെടുത്തുക, മുൻകരുതൽ നടപടികൾ ശക്തമാക്കുക, വിവിധ ഏജൻസികൾ തമ്മിലുള്ള പരസ്പര സഹകരണം ഉറപ്പാക്കുക എന്നിവയ്ക്കായിരുന്നു യോഗത്തിൽ മുൻഗണന നൽകിയത്. ഓരോ വകുപ്പിന്റെയും കൃത്യമായ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമായി മനസ്സിലാക്കി പ്രവർത്തിക്കാൻ ഈ നിർദ്ദേശങ്ങൾ സഹായിക്കും.
തീർത്ഥാടകർക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിനൊപ്പം വരാൻ സാധ്യതയുള്ള വെല്ലുവിളികൾ മുൻകൂട്ടി കണ്ട് അവ പരിഹരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. കോടിക്കണക്കിന് വരുന്ന തീർത്ഥാടകർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കാനുള്ള മികച്ചൊരുക്കങ്ങളാണ് സൗദി ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇപ്പോൾ ലക്ഷ്യമിടുന്നത്.
Content Highlights: