സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11,000-ത്തിലധികം വിദേശികളെ നാടുകടത്തി. രാജ്യവ്യാപകമായി സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ കർശനമായ പരിശോധനകളിൽ 10,000-ത്തിലധിഖം പേരാണ് പിടിയിലായത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ജൂൺ 18 മുതൽ ജൂൺ 24 വരെയുള്ള ദിവസങ്ങളിലാണ് വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് രാജ്യത്തുടനീളം സംയുക്ത പരിശോധനാ കാമ്പയിനുകൾ നടന്നത്. ഈ കാലയളവിൽ ആകെ 15,231 നിയമലംഘകർ അറസ്റ്റിലായി. ഇതിൽ 7,589 പേർ താമസ നിയമങ്ങൾ ലംഘിച്ചവരും 4,443 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും 3,199 പേർ തൊഴിൽ നിയമ ലംഘനം നടത്തിയവരുമാണെന്ന് പ്രമുഖ സൗദി പത്രമായ 'ഉക്കാദ്' റിപ്പോർട്ട് ചെയ്തു.
അറസ്റ്റിലായവരിൽ 11,297 പേരെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തിയത്. ഇതിനുപുറമെ, യാത്രാരേഖകൾ ശരിയാക്കുന്നതിനായി 15,109 പേരെ വിവിധ നയതന്ത്ര കാര്യാലയങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. യാത്രാ നടപടികൾ പൂർത്തിയാക്കുന്നതിനായി മറ്റൊരു 3,618 പേരെയും ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് മാറ്റി. നിലവിൽ ആകെ 16,369 വിദേശികളാണ് രാജ്യത്ത് നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
അതിർത്തി കടന്ന് സൗദിയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 1,763 പേരെയും സുരക്ഷാ സേന പിടികൂടി. ഇതിൽ 55 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും 44 ശതമാനം പേർ യെമൻ സ്വദേശികളുമാണ്. ബാക്കി ഒരു ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ച 53 പേരെയും നിയമലംഘകർക്ക് താമസസൗകര്യം ഒരുക്കുകയോ ജോലി നൽകുകയോ വാഹനങ്ങളിൽ കൊണ്ടുപോവുകയോ ചെയ്ത 22 പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിയമലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പാണ് ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്നത്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ സഹായിക്കുകയോ, ഇവർക്ക് താമസമോ ജോലിയോ ഗതാഗത സൗകര്യമോ നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവുശിക്ഷ ലഭിക്കാം. കൂടാതെ 10 ലക്ഷം റിയാൽ വരെ പിഴയും, ഇവർക്കായി ഉപയോഗിച്ച വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടുകയും ചെയ്യും. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ അടിയന്തര നമ്പറുകളിൽ വിളിച്ച് വിവരമറിയിക്കാൻ പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.
Content Highlights: Saudi authorities have intensified action against rule violations, deporting more than 11,000 individuals within a week as part of ongoing enforcement and residency regulation measures.