സൗദി അറേബ്യയിലെ പൊതു പാർക്കുകൾ ഇനി വിശ്രമിക്കാൻ മാത്രമുള്ള ഇടങ്ങളാകില്ല. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതൽ ഉത്തേജനം നൽകാനും ലക്ഷ്യമിട്ട്, പാർക്കുകളിൽ വിപുലമായ വാണിജ്യ-സാമൂഹിക പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ രാജ്യം ഒരുങ്ങുകയാണ്. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ മുൻനിർത്തി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ കരട് ചട്ടങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കർശനമായ ആസൂത്രണങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കും പാർപ്പിട മേഖലകളിലെ പാർക്കുകളിൽ ഇത്തരം വാണിജ്യ, വിനോദ, സാമൂഹിക സേവനങ്ങൾ അനുവദിക്കുക.
പാർക്കുകളുടെ വലുപ്പമനുസരിച്ചാണ് അവിടെ അനുവദനീയമായ പ്രവർത്തനങ്ങളെ പുതിയ ചട്ടക്കൂടിൽ തരംതിരിച്ചിരിക്കുന്നത്. 5,000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ വിസ്തീർണ്ണമുള്ള വലിയ പാർക്കുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ഫിറ്റ്നസ് സെന്ററുകൾ, വിനോദ കേന്ദ്രങ്ങൾ, ചൈൽഡ് കെയർ സെന്ററുകൾ എന്നിവ തുടങ്ങാം. ഇതിന് പുറമെ മുതിർന്ന പൗരന്മാർക്കുള്ള പകൽവീടുകൾ, ഭിന്നശേഷിക്കാർക്കുള്ള ഡേ-കെയർ സേവനങ്ങൾ എന്നിവയ്ക്കും ഇവിടെ അനുമതിയുണ്ടാകും.
കുറഞ്ഞത് 1,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പാർക്കുകളിൽ പച്ചക്കറി-പഴവർഗ്ഗ വിപണന കേന്ദ്രങ്ങളും ഹൈഡ്രോപോണിക് കൃഷി (മണ്ണില്ലാത്ത കൃഷിരീതി) പ്രോജക്റ്റുകളും ആരംഭിക്കാൻ സാധിക്കും. 1,200 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ വിസ്തൃതിയുള്ള ചെറിയ പാർക്കുകളിൽ കഫേകൾ, ഐസ്ക്രീം പാർലറുകൾ, ഫ്രഷ് ജ്യൂസ് സ്റ്റാളുകൾ, പൂക്കടകൾ എന്നിവയ്ക്കും അനുമതി നൽകും.
പാർക്കുകളുടെ പൊതുസ്വഭാവം നിലനിർത്തിക്കൊണ്ടുതന്നെ റെസിഡൻഷ്യൽ മേഖലകളിൽ സാമ്പത്തിക ചലനമുണ്ടാക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. അതേസമയം, വാണിജ്യ നിർമ്മാണങ്ങൾ സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ കർശനമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ കെട്ടിടങ്ങൾ പാർക്കിന്റെ ആകെ വിസ്തൃതിയുടെ 25 ശതമാനത്തിൽ കൂടാൻ പാടില്ലെന്നും രണ്ട് നിലകളിൽ കൂടുതൽ ഉയരം പാടില്ലെന്നും നിബന്ധനയുണ്ട്. പാർക്കുകളിലെ കഫേകളിൽ പുകയില ഉത്പ്പന്നങ്ങൾ വിൽക്കുന്നതിനും പൂർണ്ണ വിലക്കുണ്ടാകും.
പുതിയ കരട് നിയമം നിക്ഷേപകർക്ക് വലിയ ഉത്തരവാദിത്തങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. വികസനം നടക്കാത്ത പാർക്കുകളാണെങ്കിൽ, നിക്ഷേപകർ സ്വന്തം ചിലവിൽ അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മാണവും പരിപാലനവും നടത്തേണ്ടതുണ്ട്. ഇനി നിലവിലുള്ള പാർക്കുകളാണെങ്കിൽ, മുനിസിപ്പാലിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് അവയുടെ സംരക്ഷണവും പച്ചപ്പ് നിലനിർത്താനുള്ള ചുമതലയും നിക്ഷേപകർ ഏറ്റെടുക്കണം.
എല്ലാ പ്രോജക്റ്റുകളും സൗദി പാർക്ക് ഡിസൈൻ മാനദണ്ഡങ്ങൾക്കും ദേശീയ വാസ്തുവിദ്യാ മാർഗ്ഗനിർദ്ദേശങ്ങൾക്കും പരിസ്ഥിതി ശബ്ദ മലിനീകരണ നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കണമെന്നും നിർബന്ധമുണ്ട്. ഈ നിയമങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി മന്ത്രാലയത്തിലെ വിവിധ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു പ്രത്യേക സമിതി രൂപീകരിക്കാനും പുതിയ കരട് ചട്ടത്തിൽ നിർദ്ദേശിക്കുന്നു.
Content Highlights: Saudi Arabia is preparing new rules that will permit the establishment of cafés, fitness centres, and related facilities within public parks. The move is aimed at improving public amenities, encouraging healthier lifestyles, and making parks more attractive community spaces.