വാഹനങ്ങളിൽ നിയമവിരുദ്ധമായി സ്റ്റിക്കർ പതിച്ചാൽ കനത്ത പിഴ; മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്

കാറിന്‍റെ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിയന്ത്രണങ്ങൾ സൗദി ഗതാഗത വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്

സൗദി അറേബ്യയിൽ ഗതാഗത നിയമങ്ങൾ പാലിക്കാതെ വാഹനങ്ങളുടെ ചില്ലുകളിൽ നിയമവിരുദ്ധമായി സ്റ്റിക്കറുകൾ പതിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ട്രാഫിക് വകുപ്പ്. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ ലംഘിച്ച് വാഹനങ്ങളിൽ സ്റ്റിക്കറുകൾ ഒട്ടിക്കുന്ന ഉടമകൾക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷിതമായ ഡ്രൈവിങ്ങിന് ആവശ്യമായ ദൃശ്യപരത ഉറപ്പാക്കാത്ത തരത്തിലുള്ള സ്റ്റിക്കറുകൾ ഒട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്നും ട്രാഫിക് വകുപ്പ് ഓർമ്മിപ്പിച്ചു.

കാറിന്‍റെ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിയന്ത്രണങ്ങൾ സൗദി ഗതാഗത വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന രീതിയിൽ, വാഹനത്തിന്റെ പിൻവശത്തെ വിൻഡോകളിൽ 30 ശതമാനം വരെ മാത്രമെ കൂളിങ് സ്റ്റിക്കറുകൾ പതിക്കാൻ അനുമതിയുള്ളൂ. വാഹനത്തിനുള്ളിലെ താപനില കുറയ്ക്കാനും ദോഷകരമായ സൂര്യരശ്മികളിൽ നിന്ന് സംരക്ഷണം നൽകാനും ഇത്തരം സ്റ്റിക്കറുകൾ സഹായിക്കും. എങ്കിലും ഡ്രൈവർമാരുടെ കാഴ്ചയെ യാതൊരു വിധത്തിലും തടസ്സപ്പെടുത്താൻ ഇത്തരം സ്റ്റിക്കറുകൾ കാരണമാകാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു.

അനുവദനീയമായ മാനദണ്ഡങ്ങൾക്കനുസരിച്ച് വാഹനങ്ങളുടെ മുമ്പിലും പിമ്പിലും ജനാലകളിൽ ചില പ്രത്യേക സ്റ്റിക്കറുകൾ പതിക്കാവുന്നതാണ്. എന്നാൽ, ഇവ പുറത്തുനിന്നുള്ള കാഴ്ച മറയ്ക്കാത്ത തരത്തിൽ പൂർണ്ണമായും സുതാര്യമായിരിക്കണമെന്ന് ട്രാഫിക് വകുപ്പ് നിഷ്കർഷിക്കുന്നുണ്ട്.

റോഡിലെ മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതോ ബുദ്ധിമുട്ടുണ്ടാക്കുന്നതോ ആയ കണ്ണാടി പോലുള്ള പ്രതിഫലന (റിഫ്ലക്ടീവ്) സ്റ്റിക്കറുകൾ ഉപയോഗിക്കുന്നതിന് കർശന വിലക്കുണ്ട്. കൂടാതെ, ഡ്രൈവറുടെ കാഴ്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ മറ്റ് അലങ്കാരങ്ങളോ ഗ്ലാസുകളിൽ സ്ഥാപിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

Content Highlights: The Saudi Traffic Department has issued a warning against affixing unauthorized stickers on vehicles. Officials said motorists found violating the regulations could face substantial fines, stressing the importance of complying with traffic and vehicle appearance rules.

To advertise here,contact us