സമുദ്രചരിത്രത്തിൽ പുതിയ അധ്യായം: ചെങ്കടലിലും അറേബ്യൻ ഗൾഫിലും വൻ പുരാവസ്തു ശേഖരം കണ്ടെത്തി സൗദി

മേഖലയുടെ സമുദ്രചരിത്രവുമായി ബന്ധപ്പെട്ട ആയിരത്തിലധികം പുരാവസ്തുക്കൾ കണ്ടെത്താൻ ഈ വിപുലമായ പര്യവേക്ഷണങ്ങളിലൂടെ സാധിച്ചു

ചെങ്കടൽ, അറേബ്യൻ ഗൾഫ് തീരങ്ങളിലായി കടലിനടിയിൽ ഒളിച്ചുകിടന്ന 1,293 സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തി സൗദി അറേബ്യ. ഇതോടൊപ്പം നടത്തിയ വിപുലമായ സമുദ്ര പുരാവസ്തു ഗവേഷണങ്ങളിലൂടെ ആയിരത്തിലധികം പുരാവസ്തുക്കളും വീണ്ടെടുത്തു. ഫ്രാൻസിലെ പാരീസിൽ നടന്ന യുനെസ്കോയുടെ സയന്റിഫിക് ആൻഡ് ടെക്നിക്കൽ അഡ്വൈസറി ബോഡിയുടെ 17-ാമത് യോഗത്തിലാണ് സൗദി ഹെറിറ്റേജ് കമ്മീഷൻ ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്.

കടലിനടിയിലെ സാംസ്കാരിക പൈതൃക സംരക്ഷണത്തിനായുള്ള യുനെസ്കോയുടെ 2001-ലെ കൺവെൻഷന്റെ വിദഗ്ദ്ധ സമിതി യോഗത്തിലാണ് സൗദി അധികൃതർ ഈ നേട്ടങ്ങൾ അവതരിപ്പിച്ചത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് കടൽത്തീരങ്ങളിലെ പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിലും അവയുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലും സൗദി കൈവരിച്ച പുരോഗതി യോഗത്തിൽ വിശദീകരിക്കപ്പെട്ടു.

സൗദി തീരങ്ങളിൽ 50-ലധികം കടൽ പര്യവേക്ഷണങ്ങളും കടലിനടിയിലെ ഖനന പദ്ധതികളും ഹെറിറ്റേജ് കമ്മീഷൻ ഇതിനകം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. മേഖലയുടെ സമുദ്രചരിത്രവുമായി ബന്ധപ്പെട്ട ആയിരത്തിലധികം പുരാവസ്തുക്കൾ കണ്ടെത്താൻ ഈ വിപുലമായ പര്യവേക്ഷണങ്ങളിലൂടെ സാധിച്ചു. ഈ പുതിയ കണ്ടെത്തലുകൾ ചരിത്രപ്രസിദ്ധമായ സമുദ്ര സഞ്ചാര പാതകൾ, പഴയകാലത്തെ വാണിജ്യ ഇടപാടുകൾ, സൗദി അറേബ്യൻ കടൽമേഖലയുമായി ബന്ധപ്പെട്ടു കിടന്നിരുന്ന സാംസ്കാരിക ബന്ധങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള അറിവ് നൽകുന്നവയാണ്.

അറേബ്യൻ ഉപദ്വീപിനെ ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന സമുദ്ര ഇടനാഴികളായിട്ടാണ് ചെങ്കടലും ഗൾഫ് തീരങ്ങളും പണ്ടുകാലം മുതൽ നിലകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാരം, കുടിയേറ്റം, സാംസ്കാരിക കൈമാറ്റം എന്നിവയുടെ വലിയൊരു ശേഖരം ഈ കടലിനടിയിൽ ഒളിച്ചുകിടപ്പുണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. കടലിനടിയിലുള്ള പൈതൃകങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം സമുദ്ര പൈതൃകവുമായി ബന്ധപ്പെട്ട ദേശീയ ഡാറ്റാബേസ് ശക്തമാക്കാനും ഈ പ്രയത്നം സഹായിക്കും.

കടലിനടിയിലെ പൈതൃക സംരക്ഷണ രംഗത്ത് അന്താരാഷ്ട്ര സഹകരണം ശക്തമാക്കാനും സൗദി അറേബ്യ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ശാസ്ത്രീയ പങ്കാളിത്തത്തിനും വിദഗ്ദ്ധ വിവരങ്ങൾ കൈമാറുന്നതിനുമായി അഞ്ച് അന്താരാഷ്ട്ര കരാറുകളിൽ രാജ്യം ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ ഈ രംഗത്തെ സാങ്കേതിക പരിശീലനത്തിനും ശാസ്ത്രീയ അറിവുകൾ പങ്കുവെക്കുന്നതിനുമായി പത്തിലധികം പ്രത്യേക വർക്ക്‌ഷോപ്പുകളും കമ്മീഷൻ സംഘടിപ്പിച്ചു.

പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി കടലിനടിയിലെ സാംസ്കാരിക പൈതൃകങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന നാല് പ്രദർശനങ്ങളും രാജ്യം ഇതിനകം നടത്തിക്കഴിഞ്ഞു. ആഗോളതലത്തിൽ സാംസ്കാരിക പൈതൃക സംരക്ഷണത്തിനായുള്ള ശ്രമങ്ങളിൽ സജീവ പങ്കാളിയാകാനും ഈ മേഖലയിൽ മുൻനിരയിലേക്ക് വരാനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് യുനെസ്കോ യോഗത്തിലെ പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നതെന്ന് സൗദി ഹെറിറ്റേജ് കമ്മീഷൻ വ്യക്തമാക്കി.

Content Highlights: Saudi Arabia has revealed the discovery of a large collection of archaeological artifacts from the Red Sea and the Arabian Gulf. The findings are expected to provide valuable insights into ancient maritime trade routes, seafaring activities, and the region’s rich historical heritage, opening a new chapter in the study of maritime history.

To advertise here,contact us