പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പ് വിഫലമായി; കുടുംബത്തെ കാണാനാകാതെ പ്രവാസി സൗദിയിൽ അന്തരിച്ചു

കഴിഞ്ഞ 12 വർഷമായി ഇദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചിരുന്നില്ല

നിയമക്കുരുക്കിൽപ്പെട്ട് കഴിഞ്ഞ 12 വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന തമിഴ്‌നാട് സ്വദേശി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. തമിഴ്‌നാട് സ്വദേശിയായ അഴകിയ നായഗം (45) ആണ് റിയാദിൽ വെച്ച് മരണപ്പെട്ടത്. റിയാദിലെ താമസസ്ഥലത്തെ മുറിക്കുള്ളിൽ മരിച്ചുകിടന്ന ഇദ്ദേഹത്തിന്റെ വിവരം രണ്ട് ദിവസത്തിന് ശേഷമാണ് പുറംലോകം അറിഞ്ഞത്. സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലിലൂടെ ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

കഴിഞ്ഞ 12 വർഷമായി ഇദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചിരുന്നില്ല. മുൻപ് നജ്‌റാനിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന അഴകിയ നായഗം, അവിടെ നിന്നും മാറി റിയാദിൽ എത്തിയതായിരുന്നു. തുടർന്ന് സ്‌പോൺസർ നൽകിയ പരാതിയെത്തുടർന്ന് (ഹുറൂബ്) വർഷങ്ങളായി ഇദ്ദേഹം നിയമക്കുരുക്കിലാവുകയും നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലാവുകയുമായിരുന്നു. ഒടുവിൽ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം വന്ന് മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ശുമൈസിയിലെ കിങ് സഊദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.

തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മ (ട്രിവ) ഭാരവാഹിയും ഒഐസിസി പ്രവർത്തകനുമായ നാസർ കല്ലറ, മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. ഇന്ത്യൻ എംബസിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പൂർണ്ണമായ ചിലവുകൾ വഹിച്ചത്. ഷൈലജയാണ് പരേതന്റെ ഭാര്യ. മക്കൾ: എ പവിത്ര, കെ രാജ, എ നന്ദിനി ദേവി.

Content Highlights: A heartbreaking incident has been reported from Saudi Arabia, where an expatriate passed away before getting the opportunity to reunite with his family after 12 years. The news has drawn sympathy from the expatriate community, highlighting the emotional and personal sacrifices often made by overseas workers.

To advertise here,contact us