സൗദി അറേബ്യയിൽ പുതുതായി ആരംഭിച്ച ബിസിനസ് സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന ഇൻസ്റ്റന്റ് വിസകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി. രണ്ട് വർഷത്തിൽ താഴെ മാത്രം പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനങ്ങൾക്കാണ് ഈ നിയന്ത്രണം ബാധകമാകുക. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള 'ക്വിവ' പ്ലാറ്റ്ഫോമാണ് ഇതു സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചെങ്കിലും രണ്ട് വർഷത്തിൽ കൂടുതൽ പ്രവർത്തന പരിചയമുള്ള സ്ഥാപനങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി 50 ഇൻസ്റ്റന്റ് വിസകൾ വരെ ലഭിക്കും. ഒറ്റ അപേക്ഷയിലൂടെയോ അല്ലെങ്കിൽ ഒരേ ആഴ്ചയിൽ തന്നെയുള്ള ഒന്നിലധികം അപേക്ഷകളിലൂടെയോ ഈ വിസകൾ സ്വന്തമാക്കാവുന്നതാണ്.
വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ക്വിവ പ്ലാറ്റ്ഫോം കർശനമായ മാനദണ്ഡങ്ങളാണ് മുന്നോട്ട് വെക്കുന്നത്. സ്ഥാപനം സജീവമായിരിക്കണം. ജീവനക്കാരുടെ വർക്ക് പെർമിറ്റുകളും കൊമേഴ്സ്യൽ രജിസ്ട്രേഷനും സാധുവായിരിക്കുക, വേജ് പ്രൊട്ടക്ഷൻ നിയമം പൂർണ്ണമായി പാലിക്കുക എന്നിവ ഇതിൽ പ്രധാനമാണ്. കൂടാതെ, നിതാഖാത് വ്യവസ്ഥ പ്രകാരം സ്ഥാപനം 'മീഡിയം ഗ്രീൻ' വിഭാഗത്തിലോ അതിനു മുകളിലോ ആയിരിക്കണം. പത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ വാർഷിക സ്വയം വിലയിരുത്തൽ പൂർത്തിയാക്കണമെന്നും നിബന്ധനയുണ്ട്.
സ്ഥാപനങ്ങളുടെ സൗദിവത്ക്കരണ നിരക്ക് ഉയരുന്നതിനനുസരിച്ച് വിസകളുടെ എണ്ണത്തിൽ ഇളവുകൾ ലഭിക്കും. നിലവിൽ സ്ഥിരം വർക്ക് വിസകൾ, മൂന്ന് മാസത്തേക്കുള്ള താൽക്കാലിക വിസകൾ, ഹജ്ജ്-ഉംറ സീസണുകളിലെ വിസകൾ എന്നിങ്ങനെ മൂന്ന് തരം വിസകളാണ് മന്ത്രാലയം നൽകി വരുന്നത്.
Content Highlights: Saudi Arabia has introduced new restrictions for newly established businesses by reducing the number of instant visas available, as part of efforts to regulate the labor market and business sector.