വിമാന യാത്രയിൽ സൗജന്യമായി ഫിഫ ലോകകപ്പ് ആസ്വദിക്കാം; അവസരമൊരുക്കി സൗദിയ എയർലൈൻസ്

ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പ് ടൂർണമെൻറിലുടനീളം അതിവേഗ ഇൻ്റർനെറ്റ് സൗകര്യമുള്ള സൗദിയ വിമാനങ്ങളിൽ ഈ സേവനം ആസ്വദിക്കാം

2026 ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ തങ്ങളുടെ വിമാനങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതിനായി ആഗോള സ്പോർട്സ് ഏജൻസിയായ ഐഎംജിയുമായി കരാറൊപ്പിട്ട് സൗദി അറേബ്യയുടെ ദേശീയ എയർലൈനായ 'സൗദിയ'. ഇതുവഴി യാത്രക്കാർക്ക് വിമാനത്തിലിരുന്ന് ലോകകപ്പ് മത്സരങ്ങൾ തത്സമയം ആസ്വദിക്കാം.

‘സ്പോർട്ട് 24’ പ്ലാറ്റ്‌ഫോം വഴിയാണ് തെരഞ്ഞെടുത്ത വിമാനങ്ങളിൽ യാത്രക്കാർക്ക് ഫിഫ ലോകകപ്പ് കാണാനാകുക. ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പ് ടൂർണമെൻറിലുടനീളം അതിവേഗ ഇൻ്റർനെറ്റ് സൗകര്യമുള്ള സൗദിയ വിമാനങ്ങളിൽ ഈ സേവനം ആസ്വദിക്കാം. യാത്രക്കാർക്ക് അവരുടെ വ്യക്തിഗത ഡിജിറ്റൽ ഉപകരണങ്ങൾവഴി മത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ടൂർണമെൻറിന്റെ പ്രധാന ഹൈലൈറ്റുകളും യാത്രയ്ക്കിടയിൽ ആസ്വദിക്കാൻ സാധിക്കും.

ഡിജിറ്റൽ സാങ്കേതിക വിദ്യകളിലെ നിക്ഷേപം സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുമെന്നും ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം യാത്രക്കാർക്ക് ലോകോത്തര യാത്രാനുഭവം സമ്മാനിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും സൗദിയ ഗസ്റ്റ് എക്സ്പീരിയൻസ് മേധാവി റോസെൻ ദിമിട്രോവ് വ്യക്തമാക്കി. അത്യാധുനിക ആശയവിനിമയ സാങ്കേതികവിദ്യയും മികച്ച വിനോദ ഉള്ളടക്കങ്ങളും സമന്വയിപ്പിച്ച് കൂടുതൽ മികച്ച സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്പോർട്ട് 24 പ്ലാറ്റ്‌ഫോമുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടത്. ഇത് മേഖലയിലെ മുൻനിര എയർ കാരിയർ എന്ന നിലയിൽ സൗദിയയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പിന് പുറമെ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, വിംബിൾഡൺ, ഫോർമുല വൺ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര കായിക മത്സരങ്ങളും ടൂർണമെന്റുകളും വർഷം മുഴുവനും തത്സമയം കാണാൻ ഈ പങ്കാളിത്തം യാത്രക്കാരെ സഹായിക്കും. നിലവിൽ സൗദി എയർലൈൻസിന്റെ മുപ്പതിലധികം വിമാനങ്ങളിൽ അതിവേഗ ഇൻ-ഫ്ലൈറ്റ് ഇൻറർനെറ്റ് സൗകര്യമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങളിലേക്ക് അതിവേഗ ഇന്റർനെറ്റ് സംവിധാനം ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു.

Content Highlights: Saudia Airlines is offering football fans a unique opportunity to enjoy FIFA World Cup matches free of charge while travelling. The airline's onboard entertainment system will enable passengers to watch live World Cup action during their journey.

To advertise here,contact us