ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി 33,000-ത്തിലധികം ബസുകളും 5,000 ടാക്സികളും സജ്ജമാക്കിയതായി സൗദി ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്ര സൗകര്യങ്ങള്‍ നല്കുവാന് ലക്ഷ്യമാക്കിയാണ് ഇതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഹജ്ജ് സീസണ് ആരംഭിച്ചതോടെ തീര്‍ത്ഥാടകര്‍ക്ക് വിപുലമായ യാത്രാ സൗകര്യങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. 33,000ത്തോളം ബസുകളും 5,000ത്തിൽപരം ടാക്സികളുമാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ഇത് കൂടാതെ കര അതിര്‍ത്തി കവാടങ്ങളില്‍ നിന്നും രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നും മക്കയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള 32 റൂട്ടുകളില്‍ പ്രതിവാരം 1,139-ത്തിലധികം സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്.
ഗതാഗത സേവനങ്ങളുടെ കാര്യക്ഷമത ഉയര്‍ത്തുവാനും തീര്‍ത്ഥാടകര്‍ക്കായി വിവിധ നിരക്കുകളിലും സൗകര്യങ്ങളിലുമുള്ള യാത്രാ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമായി ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വിവിധ നടപടികളും സ്വീകരിച്ചു വരികയാണ്. സേവന ഗുണനിലവാരവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി പരിശോധന സംവിധാനങ്ങളും അധികൃതര്‍ കര്‍ശനമാക്കിയിട്ടുണ്ട്.
അതിനിടെ അനധികൃതമായി സര്‍വീസുകള്‍ നടത്തുന്ന ടാക്സികളില്‍ യാത്ര ചെയ്യരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഇത്തരം അനധികൃത ടാക്സികള്‍ക്ക് എതിരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശക്തമായ പരീശോധനകളാണ് നടക്കുന്നത്.
Content Highlights: