ഓൺലൈൻ സേവനങ്ങൾ ഏറ്റുവാങ്ങുന്നതിന് മുമ്പ് ആധികാരികത ഉറപ്പുവരുത്തണം; മുന്നറിയിപ്പുമായി സൗദി

ഇ-കൊമേഴ്സ് ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികളും അറിയിപ്പുകളും സ്വീകരിക്കുന്നതിനായി സൗദി വ്യാപാര മന്ത്രാലയം പ്രത്യേക നിയമങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്

സൗദിയില്‍ ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങളിലൂടെ ലഭിക്കുന്ന സാധനങ്ങള്‍ ഏറ്റുവാങ്ങുന്നതിന് മുമ്പ് കൃത്യമായി പരിശോധിക്കണമെന്ന് നിയമ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. സാധനങ്ങളുടെ കൃത്യത ഉറപ്പ് വരുത്താനും നിയമ പ്രശ്‌നങ്ങളില്‍ അകപ്പെടുന്നത് ഒഴിവാക്കുവാനും ഇത് സഹായകരമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ എത്തുമ്പോള്‍ പണം നല്‍കുന്നതിന് മുമ്പ് തുറന്ന് പരിശോധിക്കാനും കൃത്യത ഉറപ്പ് വരുത്താനും ഉപഭോക്താക്കള്‍ക്ക് അവകാശം ഉണ്ടെന്ന് പ്രമുഖ നിയമോപദേഷ്ടാവ് ആസിം അല്‍ മുല്ല വ്യക്തമാക്കി. സൗദിയിലെ പ്രമുഖ അറബിക് ചാനല്‍ സംഘടിപ്പിച്ച സംവാദത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ ഡെലിവറി കമ്പനികളിലൂടെ ഉപഭോക്താക്കള്‍ക്ക് എത്തുമ്പോള്‍, സാധനം കൈപ്പറ്റുന്നതിന് മുന്നോടിയായി ഉപഭോക്താവിന് ഒരു കോഡ് ലഭിക്കും. എന്നാല്‍, കോഡ് കൈമാറുന്നതിന് മുമ്പ് സാധനങ്ങള്‍ കൃത്യമായി പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അറിയിച്ചു. ഓര്‍ഡര്‍ ചെയ്ത ഉത്പ്പന്നവുമായി പൊരുത്തക്കേട് ഉണ്ടാകുവാനും പാക്കുകളില്‍ നിരോധിത വസ്തുക്കള്‍ ഉള്‍പ്പെട്ടിരിക്കുവാനുമുള്ള സാധ്യതകള്‍ മുന്‍ നിര്‍ത്തിയാണ് ഈ മുന്‍ കരുതല്‍ സ്വീകരിക്കേണ്ടത്. ഉത്പ്പന്നത്തില്‍ കേടുപാടുകളോ തകരാറുകളോ കണ്ടെത്തിയാല്‍ ഉപഭോക്താക്കള്‍ കോഡ് കൈമാറുകയോ സാധനം ഏറ്റുവാങ്ങുകയോ ചെയ്യരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ-കൊമേഴ്സ് ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികളും അറിയിപ്പുകളും സ്വീകരിക്കുന്നതിനായി സൗദി വ്യാപാര മന്ത്രാലയം പ്രത്യേക നിയമങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ‌ഇത്തരം പരാതികളില്‍ മന്ത്രാലയം ഫലപ്രദമായി ഇടപെടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഓണ്‍ലൈന്‍ പാര്‍സല്‍ വഴി നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുണ്ട്.

Content Highlights: Saudi Arabia has advised residents to ensure the authenticity of online platforms and service providers before using digital services. The warning comes amid rising concerns over online fraud and cybercrime.

To advertise here,contact us