സൗദിയില്‍ ഇതുവരെയും ഹാന്റ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്ന് പൊതുജനാരോഗ്യ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആഗോള ആരോഗ്യ സംഭവ വികാസങ്ങള്‍ നിരന്തരമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.
ആഗോള തലത്തില്‍ ഹാന്റ വൈറസ് ബാധ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്ന സാഹചത്തിലാണ് പൊതു ജനാരോഗ്യ വിഭാഗം ഇത് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്ത് ഇത് വരെയായി ഹാന്റ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊതുജനാരോഗ്യ അതോറിറ്റി അസിസ്റ്റന്റ് ചീഫ് എക്സിക്യൂട്ടീവ് ഡോ. ഇമാദ് അല്‍ മുഹമ്മദി വ്യക്തമാക്കി. എന്നാല്‍ ആഗോള ആരോഗ്യ ഏജന്‍സികളുമായി ബന്ധപ്പെട്ട് സാഹചര്യങ്ങള്‍ നിരന്തരമായി നിരീക്ഷിച്ചു വരികയാണ്.
ആഗോള തലത്തില്‍ നേരിടുന്ന ആരോഗ്യ ഭീഷണികള്‍ നിരീക്ഷിക്കുന്നതിനും പകര്‍ച്ചവ്യാധികളെ പിന്തുടരുകയും ചെയ്യുന്നതിനായി സ്വീകരിക്കുന്ന മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ ആരോഗ്യ അധികൃതര്‍ പ്രാദേശിക-അന്തര്‍ദേശീയ ആരോഗ്യ സംഘടനകളുമായി തുടര്‍ച്ചയായി ഏകോപനം നടത്തി വരികയാണ്.
ആരോഗ്യ രംഗത്തെ എല്ലാ ഭീഷണികളും നേരിടാന്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഹാന്റ വൈറസുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന യാത്രക്കാരെയും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും നിരീക്ഷക്കാന്‍ വിമാന താവളങ്ങളില്‍ ഉള്‍പ്പെടെ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് ഹാന്റ വൈറസ് എത്താനുള്ള സാധ്യത തികച്ചും വിരളമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
Content Highlights: Saudi health authorities stated that no hantavirus infections have been detected in the country so far. Officials added that the global health situation related to the virus is being monitored closely to ensure preparedness and public safety.