സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കരമാര്‍ഗം കുവൈറ്റിലേക്കുള്ള എല്ലാ അതിര്‍ത്തികളും തുറന്ന് സൗദി അറേബ്യ. ഇറാന് തുടര്‍ച്ചയായ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അടിയന്തര സാഹചര്യം പരിഗണിച്ചാണ് സൗദി ഭരണകൂടത്തിന്റെ നടപടി. കുവൈറ്റിലുള്ളവര്‍ക്ക് എളുപ്പത്തില്‍ സൗദിയിലെ വിമാനത്താവളങ്ങളിലേക്ക് എത്തിച്ചേരാന്‍ ഇതിലൂടെ കഴിയും.
സംഘര്‍ഷ സാഹചര്യത്തില്‍ യാത്ര സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായാണ് കുവൈറ്റിലേക്കുള്ള എല്ലാ അതിര്‍ത്തികളും സൗദി ഭരണകൂടം തുറന്നിരിക്കുന്നത്. ഖഫ്ജി അതിര്‍ത്തിയില്‍ മാത്രം 44 പാതകളാണ് ഉള്ളത്. എല്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. സുരക്ഷാ കാരണങ്ങളാല്‍ കുവൈററ് വമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാല്‍ പ്രവാസികളടക്കം നിരവധി ആളുകളാണ് റോഡ് മാര്‍ഗം സൗദിയിലെ വിമാനത്താവളത്താവളങ്ങളില് എത്തി വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ വിദേശങ്ങളിലേക്ക് പോകുന്നവര്‍ക്കും തരികെ എത്തുന്നവര്‍ക്കും അതിര്‍ത്തി പ്രദേശങ്ങളിലൂടെയുള്ള യാത്ര വലിയ ആശ്വാസം പകരും.
അവശ്യസാധനങ്ങളുടെയും ചരക്കുകളുടെയും നീക്കം തടസ്സപ്പെടാതിരിക്കാനും ട്രക്കുകള്‍ക്ക് വേഗത്തില്‍ കടന്നുപോകാനുള്ള സൗകര്യവും അതിര്‍ത്തികളില്‍ ഒരുക്കിയിട്ടുണ്ട്. കുവൈറ്റും സൗദി അറേബ്യയും ഒരേ ജനതയും ഒരു രാജ്യവും പോലെയാണെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ നല്കുന്ന പിന്തുണക്ക് വലിയ നന്ദിയുണ്ടെന്നുമായിരുന്നു ഇതിനോടുള്ള കുവൈറ്റ് അധികൃതരുടെ പ്രതികരണം. ഇറാഖ് അധിനിവേശ കാലത്തെന്നപോലെ, ഈ പ്രതിസന്ധി ഘട്ടത്തിലും സൗദി തങ്ങളുടെ ഏറ്റവും വിശ്വസ്തരായ പങ്കാളിയാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.
അതിര്‍ത്തികളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും രംഗത്തുണ്ട്. കുവൈറ്റില്‍ നിന്ന് സൗദിയിലേക്ക് യാത്ര ചെയ്യുന്നവര്‍ ട്രാന്‍സിറ്റ് വിസക്ക് ഒപ്പം മറ്റ് യാത്രാ രേഖകളും കരുതണമെന്നും ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറന്നതോടെ കവൈറ്റില്‍ നിന്ന് സൗദിയില്‍ എത്തി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍.
Content Highlights: Saudi Arabia opens all borders allowing land travel to Kuwait amid West Asia tensions, easing movement across the Gulf region.