റെക്കോർഡ് നേട്ടവുമായി റിയാദ് മെട്രോ; യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്

ആറ് ലൈനുകളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനവിന് കാരണമെന്ന് അധികൃതര്‍

20 കോടി യാത്രക്കാരെന്ന റെക്കോര്‍ഡ് നേട്ടവുമായി റിയാദ് മെട്രോ. 3.22 കോടി കിലോ മീറ്ററുകളാണ് മെട്രോ ഇതുവരെ സഞ്ചരിച്ചത്. ആറ് ലൈനുകളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനവിന് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

20 കോടി യാത്രക്കാരെന്ന പുതിയ നാഴികക്കല്ല് റിയാദ് മെട്രോ പിന്നിട്ടതായി റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി വ്യക്തമാക്കി. ആറ് ലൈനുകളിലായാണ് മെട്രോ പ്രവര്‍ത്തിക്കുന്നത്. ബ്ലൂ ലൈന്‍ ആണ് കൂടുതല്‍ യാത്രക്കാര്‍ ഉപയോഗിക്കുന്നത്. ആകെ യാത്രക്കാരില്‍ 45 ശതമാനം ആളുകളും യാത്രക്കായി ബ്ലൂ ലൈന്‍ ഉപയോഗിക്കുന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് റെഡ് ലൈന്‍ ആണ്. 16 ശതമാനം ആളുകളാണ് റെഡ് ലൈനിൽ യാത്ര ചെയ്യുന്നത്. 14 ശതമാനം പേര്‍ ഓറഞ്ച് ലൈനും യാത്രക്കായി തെരഞ്ഞെടുക്കുന്നു. മറ്റ് ലൈനുകളിലും യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

ഖസ്ര്‍ അല്‍ ഹുകും എസ്ടിസി, കെഎഎഫ്ഡി, നാഷണല്‍ മ്യൂസിയം എന്നിവയുള്‍പ്പെടെയുള്ള പ്രധാന, ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ എത്തുന്നതെന്നത്. റിയാദ് മെട്രോ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഇതുവരെ 3.22 കോടി കിലോമീറ്ററുകള്‍ പിന്നിട്ടു. 11.3 ലക്ഷം യാത്രകളും പൂര്‍ത്തിയാക്കി. തലസ്ഥാന നഗരിയുടെ പൊതുഗതാഗത മേഖലയില്‍ ഗണ്യമായ സ്വാധീനമാണ് മെട്രോ ചെലുത്തുന്നത്.

മലയാളികള്‍ ഉള്‍പ്പെടെയള്ളവുടെ ജനപ്രിയ യാത്രാ മാര്‍ഗം കൂടിയാണ് റിയാദ് മെട്രോ. കൂടുതല്‍ ആളുകള്‍ മെട്രോയെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ പൊതുനിരത്തിലെ ഗതാഗതക്കുരുക്കും വലിയ തോതില്‍ കുറഞ്ഞു. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ ട്രെയിന്‍ ശൃംഖല എന്ന നേട്ടത്തോടെ ആഗോള റെക്കോര്‍ഡ് സ്വന്തമാക്കി ഗിന്നസ് ബുക്കിലും റിയാദ് മെട്രോ ഇതിനകം ഇടം നേടിയിട്ടുണ്ട്.

Content Highlights: The Riyadh Metro records a major rise in passenger numbers, marking a new milestone for public transport development in Riyadh

To advertise here,contact us