സൗദിയിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

പരേതനായ കളത്തിങ്ങൽ ഹംസയുടെയും ആച്ചൂട്ടിയുടെയും മകനാണ്

സൗദി അറേബ്യയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് അന്തരിച്ചു. മലപ്പുറം ചൂരക്കാവ് ചെറുകുളമ്പ് മഹല്ല് സ്വദേശി കളത്തിങ്ങൽ ഹുസൈൻ (34) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ തബൂക്കിലെ ഷിഫയിലായിരുന്നു ദാരുണമായ ഈ അപകടം നടന്നത്.

തബൂക്കിലെ 'ബ്രോസ്റ്റ് അതയബ് താസജ്' ഗ്രൂപ്പിലെ ജീവനക്കാരനായിരുന്ന ഹുസൈൻ, ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ തൊട്ടടുത്തുള്ള കടയിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഈ സമയം അമിതവേഗതയിൽ വന്ന വാഹനം ഹുസൈനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പ്രവാസി സുഹൃത്തുക്കൾക്കിടയിൽ 'മാഞ്ഞുപ്പ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം ഏവർക്കും പ്രിയങ്കരനായിരുന്നു.

പരേതനായ കളത്തിങ്ങൽ ഹംസയുടെയും ആച്ചൂട്ടിയുടെയും മകനാണ്. ഹിബ തസ്നീം ആണ് ഭാര്യ. മൃതദേഹം നിലവിൽ തബൂക്കിലെ കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.

Content Highlights: A young Malayali man died in a car accident while returning from his job in Saudi Arabia. Authorities are investigating the incident.

To advertise here,contact us