പ്രവാസികള്ക്ക് തിരിച്ചടിയായി സൗദി അറേബ്യയില് സ്വദേശിവത്ക്കരണത്തിന്റെ പുതിയ ഘട്ടം ഇന്ന് മുതല് പ്രാബല്യത്തില് വന്നു. ആരോഗ്യ മേഖലയില് ദന്ത ചികിത്സാ രംഗത്താണ് കൂടുതല് സ്വദേശിവത്ക്കരണം നടപ്പിലാക്കിയിരിക്കുന്നത്. പുതിയ നടപടിയിലൂടെ നിരവധി പ്രവാസികള്ക്ക് ജോലി നഷ്ടമാകുമെന്നാണ് വിലയിരുത്തല്.
സൗദി സ്വദേശികളായ ദന്ത ഡോക്ടര്മാര്ക്ക് മികച്ച തൊഴിലവസരങ്ങള് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വദേശിവത്ക്കരണ തോത് വര്ധിപ്പിച്ചിരിക്കുന്നത്. ദന്ത ചികിത്സാ മേഖയില് സ്വദേശിവത്ക്കരണ തോത് 55 ശതമാനമായി ഉയര്ത്തിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് മുതല് നിലവില് വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
മൂന്നോ അതിലധികമോ ദന്തഡോക്ടര്മാര് ജോലി ചെയ്യുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങള്ക്കും നിയമം ബാധകമാണ്. ഉത്തരവ് പ്രകാരം ഇനി മുതല് ഇത്തരം സ്ഥാപനങ്ങളില് പകുതിയലധികം ജീവനക്കാരും സ്വദേശികളായിരിക്കും. സ്വദേശികളായ ദന്തഡോക്ടര്മാരുടെ വേതനത്തിലും വര്ധനവ് വരുത്തിയിട്ടുണ്ട്. കുറഞ്ഞ പ്രതിമാസ ശമ്പളം 9,000 സൗദി റിയാലായാണ് നശ്ചയിച്ചിരിക്കുന്നത്. ഈ തുകയില് കുറഞ്ഞ ശമ്പളം ലഭിക്കുന്നവരെ സ്വദേശിവത്ക്കരണ പരിധിയില് കണക്കാക്കില്ലെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതില് വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഇത്തരക്കാര് വിസ സേവനങ്ങള് നിര്ത്തിവെക്കുന്നത് ഉള്പ്പെടെയുള്ള നടപടികള് നേരിടേണ്ടി വരും. പ്രൊഫഷണുകളായ സ്വദേശി പൗരന്മാര്ക്ക് ആരോഗ്യമേഖലയില് കൂടുതല് അവസരം ലഭിക്കുന്നതിനും രാജ്യത്തെ തൊഴില് വിപണി ശക്തിപ്പെടുത്തുന്നതിനും പുതിയ തീരുമാനം സഹായകമാകുമെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്. മലയാളികള് ഉള്പ്പെടെ നിരവധി പ്രാവാസികളാണ് ദന്ത ചികിത്സാ രംഗത്ത് പ്രവര്ത്തിക്കുന്നത്. അതുകൊണ്ടു തന്നെ വരും നാളുകള് നിരവധി വിദേശികള്ക്ക് ജോലി നഷ്ടമാകുന്നതിനും പുതിയ നടപടി കാരണമാകും.
Content Highlights: Saudi Arabia has launched a new phase of its Saudization policy, aimed at increasing employment opportunities for Saudi nationals. The move has sparked concerns among expatriate workers, who fear reduced job opportunities and stricter employment regulations. Authorities stated the policy is part of broader economic reforms, but expatriates are closely monitoring its impact on their livelihoods and work permits.