പ്രവാസികള്ക്ക് തിരിച്ചടിയായി സ്വദേശിവത്ക്കരണ തോത് ഉയര്ത്തി സൗദി അറേബ്യ. മാര്ക്കറ്റിങ്, സെയില്സ് മേഖലകളിലെ സ്വദേശിവത്ക്കരണ തോത് 60 ശതമാനമാക്കിയാണ് ഉയര്ത്തിയത്. മൂന്ന് മാസത്തിനുള്ളില് രാജ്യത്ത് നിയമം നടപ്പിലാക്കി തുടങ്ങും. സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് സ്വദേശിവത്ക്കരണ തോത് ഉയര്ത്തിക്കൊണ്ടുള്ള പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം മാര്ക്കറ്റിങ്, സെയില്സ് തസ്തികകളില് ഇനി മുതല് 60 ശതമാനമായിരിക്കും സ്വദേശിവത്ക്കരണ നിരക്ക്.
സ്വകാര്യ മേഖലയില് കൂടുതല് സ്വദേശികള്ക്ക് ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മാര്ക്കറ്റിങ് മാനേജര്, പരസ്യ ഏജന്റ്, ഗ്രാഫിക് ഡിസൈനര്, പബ്ലിക് റിലേഷന്സ് സ്പെഷ്യലിസ്റ്റ് തുടങ്ങി 10ഓളം തസ്തികകള് മാര്ക്കറ്റിങ് വിഭാഗത്തിലാണ് ഉള്പ്പെടുന്നത്. സെയില്സ് മാനേജര്, റീട്ടെയില്-ഹോള്സെയില് പ്രതിനിധികള് തുടങ്ങിയവ സെയില്സ് വിഭാഗത്തിലും ഉള്പ്പെടുന്നു. ഈ മഖലകളില് മലയാളികള് ഉള്പ്പെടെ നിരവധി പ്രവാസികളാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടു തന്നെ പുതിയ ഉത്തരവ് നിരവധി വിദേശികള്ക്ക് ജോലി നഷ്ടപ്പെടാന് കാരണമാകുമെന്നാണ് വിലയിരുത്തല്.
മാര്ക്കറ്റിംഗ് തസ്തികകളില് കുറഞ്ഞ വേതനം 5,500 റിയാലായിരിക്കുമെന്നും പുതിയ ഉത്തരവില് പറയുന്നു. മൂന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങള്ക്കും നിയമം ബാധകമാണ്. നിയമം നടപ്പിലാക്കുന്നതിന് മുന്പ് ആവശ്യമായ തയ്യാറെടുപ്പുകള് നടത്താന് സ്ഥാപനങ്ങള്ക്ക് മൂന്ന് മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളില് നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്ന് മന്ത്രാലയം രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. നിയമനങ്ങള് നടത്താത്ത സ്ഥാപനങ്ങള് പിഴ ഉള്പ്പെടെയുള്ള കനത്ത ശിക്ഷാ നടപടികള് നേരിടേണ്ടി വരുമെന്നും മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Saudi Arabia has decided to raise Saudization rates as part of its labor policy, aiming to increase employment opportunities for citizens. The move is expected to impact expatriate workers, with concerns over reduced job availability in several sectors. Authorities said the decision aligns with long-term workforce nationalization goals.