സൗദി അറേബ്യയിലെ മക്കയിലെ മസ്ജിദുൽ ഹറം പള്ളിയുടെ മുകൾ നിലയിൽ താഴേയ്ക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമം. തീർത്ഥാടകരിലൊരാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ക്രിസ്മസ് ദിനമായ ഇന്നലെയായിരുന്നു സംഭവമുണ്ടായത്. എന്നാൽ സുരക്ഷ ഉദ്യോഗസ്ഥരുടെ അടിയന്തര ഇടപെടലിൽ ഇയാൾക്ക് വലിയ പരിക്കുകളേൽക്കാതെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.
മസ്ജിദുൽ ഹറമിലെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ ഫോഴ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ ഒരാൾ മുകൾ നിലയിലെ കൈവരിയുടെ അടുത്തേയ്ക്ക് നീങ്ങുന്നത് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു. അപ്പോൾ തന്നെ അധികൃതരുടെ ഇടപെടലുമുണ്ടായി. ഇയാൾ താഴേക്ക് ചാടിയപ്പോൾ നിലത്ത് പതിക്കാതിരിക്കാൻ അധികൃതർ ശ്രദ്ധിച്ചു. ഇതിനിടെയാണ് ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റത്. പിന്നാലെ താഴേക്ക് ചാടിയ വ്യക്തിയെയും പരിക്കേറ്റ ഉദ്യോഗസ്ഥനെയും ആവശ്യമായ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് പിന്നാലെ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളോ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും മക്ക റീജിയൺ അധികൃതർ അറിയിച്ചു. സമാനമായ സംഭവങ്ങൾ മുൻ വർഷങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2017-ൽ ആയിരക്കണക്കിന് തീർത്ഥാടകർ ത്വവാഫ് ചെയ്യുന്നതിനിടെ കഅബയ്ക്ക് സമീപമുള്ള മുകൾ നിലയിൽ നിന്ന് ചാടി ഒരാൾ മരിച്ചിരുന്നു. 2018-ലും സമാനമായി ഉയർന്ന ഭാഗങ്ങളിൽ നിന്ന് ചാടിയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Saudi man jumps from upper floor of Masjid Al Haram