സൗദി അറേബ്യയിലെ ചെങ്കടൽ തീരത്തെ റെഡ് സീ വിനോദസഞ്ചാര കേന്ദ്രത്തിൽ രണ്ട് ആഡംബര വില്ലകൾ സ്വന്തമാക്കി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചെങ്കടൽ തീരത്തുള്ള അതിബൃഹത്തായ ഒരു വിനോദസഞ്ചാര പദ്ധതിയാണ് റെഡ് സീ ഡെസ്റ്റിനേഷൻ എന്നറിയപ്പെടുന്നത്. ഈ പദ്ധതിയിലെ പ്രധാന ആകർഷങ്ങളിലൊന്നാണ് നുജുമ. ലോകമെമ്പാടുമുള്ള ഒമ്പത് 'റിറ്റ്സ് കാൾട്ടൺ റിസർവ് റെസിഡൻസുകളിൽ' ഒന്നാണിത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും രണ്ട് വില്ലകൾ സ്വന്തമാക്കിയത് ഇവിടെയാണ്.
നീല നിറത്തിൽ തിളങ്ങുന്ന കടലും വെള്ള നിറത്തിലെ മണൽത്തീരങ്ങളാലും ചുറ്റപ്പെട്ട സ്ഥലത്ത് 19 വില്ലകളാണുള്ളത്. ഇതിൽ രണ്ട് വില്ലകളാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിരിക്കുന്നത്. ആറ് ബില്യൺ പൗണ്ട് മുടക്കിയാണ് താരം വില്ലകൾ വാങ്ങിയത്. ഇത് ഏകദേശം 72,000 കോടി രൂപയ്ക്ക് മുകളിലാണ്. അതീവ സ്വകാര്യതയാണ് ഈ വില്ലകളുടെ പ്രത്യേകത.
ക്രിസ്റ്റ്യാനോയെയും ജോർജിനയെയും റെഡ് സീ റെസിഡൻസസ് കമ്മ്യൂണിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ടെന്ന് റെഡ് സീ ഗ്ലോബൽ ഗ്രൂപ്പ് സിഇഒ ജോൺ പഗാനോ പ്രതികരിച്ചു. 'സ്വകാര്യതയും സാഹസികതയും പ്രകൃതിയുമായി ഇണങ്ങുവാനും ആഗ്രഹിക്കുന്നവർക്ക് ഈ പ്രദേശം ഏറെ പ്രിയപ്പെട്ടതാണെന്ന് ക്രിസ്റ്റ്യാനോയുടെയും ജോർജീനയുടെയും തീരുമാനം വ്യക്തമാക്കുന്നു. റെഡ് സീയിലെ അത്ഭുതങ്ങൾ അവർക്കായി ഒരുക്കിവെച്ച് ഞങ്ങൾ കാത്തിരിക്കുകയാണ്,' ജോൺ പഗാനോ വ്യക്തമാക്കി.
2023-ൽ വില്ലകളുടെ പ്രവർത്തനം ആരംഭിച്ചതുമുതൽ റൊണാൾഡോയും ജോർജിനയും പലതവണ ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ട്. പദ്ധതിയുടെ ഡെവലപ്പർമാരായ റെഡ് സീ ഗ്ലോബലിന്റെ ഔദ്യോഗിക വെബ്സൈറ്റ് നൽകുന്ന വിവരമനുസരിച്ച്, നുജുമയിൽ രണ്ട് വില്ലകളിലാണ് റൊണാൾഡോ നിക്ഷേപം നടത്തിയത്. സ്വകാര്യ നിമിഷങ്ങൾക്കായി രണ്ട് ബെഡ്റൂമുള്ള ഒരു വില്ലയും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ മൂന്ന് ബെഡ്റൂമുള്ള വില്ലയുമാണ് സൂപ്പർ താരം സ്വന്തമാക്കിയിരിക്കുന്നത്.
Content Highlights: Cristiano Ronaldo Also Has His Own Home In Saudi Arabia: He Bought Two Villas For 6 Million Pounds