ജിദ്ദ: ക്രൂഡ് ഓയിലിനാല് സമ്പന്നമായ സൗദി അറേബ്യ അടുത്ത കാലത്തായി സ്വര്ണം അടക്കമുള്ള ധാതു ഗവേഷണ മേഖലയില് വലിയ രീതിയിലുള്ള നിക്ഷേപങ്ങളാണ് നടത്തിവരുന്നത്. ഇത്തരം ശ്രമങ്ങളുടെ ഭാഗമായ പ്രമുഖ ഖനന കമ്പനിയായ അല്മസാനെ അല്കോബ്രയുടെ നേതൃത്വത്തില് രാജ്യത്ത് വന് ധാതുനിക്ഷേപം കണ്ടെത്തിയെന്ന വിവരമാണ് ഇപ്പോള് പുറത്തുവരുന്നത്. തങ്ങള്ക്ക് ഗവേഷണ അനുമതി ലഭിച്ച നജ്റാന് മേഖലയില് ഏകദേശം 11 ദശലക്ഷം ടണ് ധാതു സമ്പത്ത് കണ്ടെത്തിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
സ്വര്ണം, ചെമ്പ്, വെള്ളി എന്നീ ധാതുക്കളുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരം സൗദി സ്റ്റോക്ക് എക്സ്ചേഞ്ച് (തദാവുല്) വെബ്സൈറ്റിലും കമ്പനിയുടെ ഒഫീഷ്യല് ലിങ്ക്ഡ്ഇന് പേജിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2024 ലാണ് കമ്പനിക്ക് പര്യവേക്ഷണ ലൈസന്സ് ലഭിക്കുന്നത്. 2025 ഫെബ്രുവരി മുതല് തന്നെ പ്രദേശത്ത് ഡ്രില്ലിങ് ആരംഭിച്ചു. ഇതുവരെയായി 27000 മീറ്ററില് അധികം ഡ്രില്ലിങ് പൂര്ത്തിയാക്കി. എന്നാല് ഇത് കമ്പനിക്ക് പര്യവേക്ഷണ അനുമതി ലഭിച്ച പ്രദേശത്തിന്റെ പത്ത് ശതമാനം മാത്രമാണ്. ഡ്രില്ലിങ് വിപുലീകരിക്കുന്നതോടെ ധാതു സമ്പത്ത് 20 ലക്ഷത്തിലേക്ക് എത്തിയേക്കാമെന്നും കമ്പനി അധികൃതര് അവകാശപ്പെടുന്നു.
'ഞങ്ങള് ഇതുവരെ ചെറിയ ഒരു മേഖലയില് മാത്രമാണ് പര്യവേക്ഷണം നടത്തിയത്. ഇവിടെ നിന്നും ധാതുനിക്ഷേപം കണ്ടെത്താന് സാധിച്ചത് മേഖലയില് ഞങ്ങള് നടത്തിയ നിക്ഷേപ പദ്ധതികളെ ശരിവെക്കുകയും ദീര്ഘകാലാടിസ്ഥാനത്തിലുള്ള പ്രവര്ത്തനങ്ങള്ക്ക് വലിയ ആത്മവിശ്വാസം നല്കുകയും ചെയ്യുന്നു. ഈ കണ്ടെത്തല് കമ്പനിയുടെ ഫാക്ടറികള് വികസിപ്പിക്കാനും ഉല്പ്പാദനം വന്തോതില് ഉയര്ത്താനും സഹായിക്കും' അല്മസാനെ അല്കോബ്ര മൈനിങ് കമ്പനിയുടെ സിഇഒ ജെഫ്രി മക്ഡൊണാള്ഡ് പറയുന്നു. നവംബര് അവസാനത്തോടെ നജ്റാനിലെ കതീനയില് 9.84 ചതുരശ്ര കിലോമീറ്റര് വിസ്തൃതിയുള്ള പ്രദേശത്ത് 10 വര്ഷത്തേക്ക് സ്വര്ണ ഖനനം നടത്താനുള്ള ലൈസന്സ് കമ്പനിക്ക് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.
2026 ഓടെ പ്രവര്ത്തനം കൂടുതല് ശക്തമാക്കും. നിലവിലുള്ള പര്യവേക്ഷണ ലൈസന്സിനെ ഖനന അനുമതിയായി മാറ്റാനുള്ള പഠനങ്ങളും ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. സൗദി വിഷന് 2030-ന്റെ ഭാഗമായി ഖനനഖലയെ മൂന്നാമത്തെ പ്രധാന സാമ്പത്തിക മേഖലയാക്കി മാറ്റാനുള്ള ശ്രമങ്ങള്ക്ക് ശക്തിപകരുന്ന കണ്ടെത്തലാണ് നിലവിലേതെന്നും വിലയിരുത്തപ്പെടുന്നു. ഏറ്റവും കൂടുതല് സ്വര്ണം ഖനനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടിക എടുക്കുകയാണെങ്കില് സൗദിയുടെ സ്ഥാനം ഏറെ പുറകിലാണ്. 2024 ല് ഏകദേശം 16 ടണ് സ്വര്ണമാണ് സൗദി അറേബ്യ ഖനനം ചെയ്തതെന്നും വേള്ഡ് ഗോള്ഡ് കൗണ്സില് റിപ്പോര്ട്ട് പറയുന്നു. ഇത് 2030 ഓടെ ഇരട്ടിയാക്കുകയാണ് രാജ്യത്തെ ഭരണകൂടത്തിന്റെ ലക്ഷ്യം. ഇതിനായി ഖനന മേഖലയില് കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും അവര് നടത്തുന്നു.
Content Highlights- Saudi Arabia Has Discovered A Major Mineral Deposit, Including Gold, Totaling About 11 Million Tons