സൗദി അറേബ്യയില് പ്രവാസി തൊഴില് സേവനങ്ങളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്ക്ക് അംഗീകാരം നല്കി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. തൊഴില് മേഖലയുടെ കാര്യക്ഷമത വര്ധിപ്പിക്കുന്നതിനും സ്ഥാപനങ്ങളും കമ്പനികളും തമ്മിലുള്ള കരാര് ബന്ധങ്ങളില് സുതാര്യത ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.
സൗദി അറേബ്യയിലെ സ്ഥാപനങ്ങള്ക്കിടയില് പ്രവാസി തൊഴില് സേവനങ്ങള്ക്ക് പുറം ജോലി കരാറില് ഏര്പ്പെടുന്നതിനുളള പുതുക്കിയ നിയമങ്ങള്ക്കാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന് സുലൈമാന് അല് രാജ്ഹി അംഗീകാരം നല്കിയത്. പുതിയ നിയമ പ്രകാരം പ്രത്യേക ജോലികള്ക്കായുള്ള സേവനങ്ങള് പുറംജോലി കരാറില് ഏര്പ്പെട്ട് ചെയ്യാന് സ്ഥാപനങ്ങള്ക്ക് സാധിക്കും. അജീര് ഓണ്ലൈന് പ്ലാറ്റ്ഫോം മുഖേനയാണ് ഇതിന് അപേക്ഷിക്കേണ്ടത്. ഇത്തരം സേവനം നല്കുന്ന സ്ഥാപനത്തിന്റെ നേരിട്ടുള്ള മേല്നോട്ടത്തിലാണ് ഈ സേവനങ്ങള് നടപ്പിലാക്കുക.
തൊഴിലാളികളെ താല്ക്കാലികമായി കടമെടുക്കുന്നതിനുള്ള പെര്മിറ്റുകള് വഴി ലഭ്യമായ നിയന്ത്രണ പരിഹാരങ്ങള് പ്രയോജനപ്പെടുത്താന് സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിന് പുതിയ നിയമം സഹായിക്കുമെന്നാണ് വിലയിരുത്തല്. പ്രവാസി തൊഴില് സേവനങ്ങളുടെ ഔട്ട്സോഴ്സിങ് നിയന്ത്രിക്കുന്ന നിയമങ്ങളുടെ വിശദാംശങ്ങള് അവലോകനം ചെയ്യാനും അംഗീകൃത ചട്ടങ്ങള്ക്കും നിര്ദ്ദേശങ്ങള്ക്കും അനുസൃതമായി സ്ഥാപനങ്ങളുടെ പ്രവര്ത്തനം മെച്ചപ്പെടുത്തുന്നതിന് പുതിയ സംവിധാനം പ്രയോജനപ്പെടുത്താനും അധികൃതര് രാജ്യത്തെ സ്ഥാപനങ്ങളോട് നിര്ദേശിച്ചു. സ്ഥാപനങ്ങള് തമ്മിലുള്ള സേവനങ്ങളുടെ പുറം ജോലിക്കരാര് നിയന്ത്രിക്കാനും അത് വഴി തൊഴിലാളികളുടെ അവകാശങ്ങള് സംരക്ഷിക്കാനും പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നു.
Content Highlights: Saudi Arabia Approves New Expatriate Employment Laws