റിയാദ്: സൗദി അറേബ്യയുടെ ഗ്രാന്ഡ് മുഫ്തിയായി ഷെയ്ഖ് ഡോ. സാലിഹ് ബിന് ഫൗസാന് ബിന് അബ്ദുല്ല അല്- ഫൗസാനെ നിയോഗിച്ചുകൊണ്ട് രാജകീയ ഉത്തരവിറക്കി. സൗദി ഗ്രാന്ഡ് മുഫ്തിയും ഉന്നത പണ്ഡിതസഭാ മേധാവിയും ഫത് വ കമ്മിറ്റി ചെയര്മാനുമായ ഷെയ്ഖ് അബ്ദുല് അസീസ് ആലുഷെയ്ഖ് അന്തരിച്ച ഒഴിവിലാണ് പുതിയ നിയമനം.
സൗദി അറേബ്യയിലെ മുതിര്ന്ന പണ്ഡിതരുടെ കൗണ്സിലിന്റെ ചെയര്മാനും പണ്ഡിത വേഷത്തിനും ഫത്വയ്ക്കുമുള്ള ജനറല് പ്രസിഡന്സിയുടെ ജനറല് പ്രസിഡന്റായും ഫൗസാനെ നിയോഗിച്ചു. മന്ത്രി പദവിയോടെയാണ് നിയമനം.
മുതിര്ന്ന പണ്ഡിതരുടെ കൗണ്സില് അംഗമായ ഫൗസാന് 1992 മുതല് പണ്ഡിത ഗവേഷണത്തിനും ഫത്വയ്ക്കുമുള്ള സൗദി അറേബ്യയയുടെ സ്ഥിരം സമിതി അംഗമാണ്. മക്കയിലെ ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി അംഗം, റിയാദിലെ അല്-മലാസ് ജില്ലയിലെ പ്രിന്സ് മിതഅബ് ബിന്ഡ അബ്ദുല് അസീസ് അല് സൗട്ട് പള്ളിയിലെ ഇമാം, ഹജ് വേളയില് പ്രഭാഷകര്ക്ക് മേല്നോട്ടം വഹിക്കുന്ന കമ്മിറ്റി അംഗവുമാണ്.
സൗദി സര്വകലാശാലകളിലെ ബിരുദ, ബിരുദാനന്തര വിദ്യാര്ത്ഥികള്ക്കായി നിരവധി അക്കാദമിക് പ്രബന്ധങ്ങളുടെ സൂപ്പര്വൈസറുമാണ് ഡോ. ഫൗസാന്. നിരവധി ഗ്രന്ഥങ്ങള് രചിച്ചിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് രാജകുമാരന്റെ നിര്ദേശപ്രകാരമാണ് നിയമനം.
Content Highlight; New Grand Mufti appointed in Saudi Arabia