മുൻകാലങ്ങളിലേക്കാൾ പൊടിക്കാറ്റിന് കുറവ്; പരിസ്ഥിതി സംരക്ഷണ നടപടികളിൽ സൗദിയിൽ ആശ്വാസം

ഈ വര്‍ഷം ജനുവരിയില്‍ പൊടിക്കാറ്റില്‍ 80 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്

സൗദി അറേബ്യയില്‍ പൊടിക്കാറ്റിന് ശമനം. മുന്‍ കാലങ്ങളെ അപേക്ഷിച്ച് പൊടിക്കാറ്റ് 50 ശതമാനത്തിലേറെ കുറഞ്ഞതായി ദേശീയ കാലവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്ത് നടപ്പിലാക്കുന്ന പരിസ്ഥിതി സംരക്ഷണ നടപടികളാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. വേനല്‍ക്കൊലത്ത് വീശിയടിക്കുന്ന പൊടിക്കാറ്റ് പലപ്പോഴും പൊതുജനങ്ങള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാറുള്ളത്. വാഹന ഗതാഗതത്തെ അടക്കം പൊടിക്കാറ്റ് സാരമായി ബാധിക്കാറുമുണ്ട്. എന്നാല്‍ രാജ്യത്ത് പൊടിക്കാറ്റിന് വലിയ ശമനമുണ്ടായതായാണ് കാലാവസ്ഥാ കേന്ദ്രം വിലയിരുത്തുന്നത്.

2024-നെ അപേക്ഷിച്ച് ഈ വര്‍ഷം പൊടിക്കാറ്റ് 53 ശതമാനത്തോളം കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു. പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറയുന്ന സാഹചര്യത്തിനും വലിയ തോതില്‍ കുറവ് വന്നു. ഈ വര്‍ഷം ജനുവരിയില്‍ പൊടിക്കാറ്റില്‍ 80 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ഫെബ്രുവരിയില്‍ 75 ശതമാനത്തിന്റെയും മാര്‍ച്ചില്‍ 41 ശതമാനവും ഏപ്രിലില്‍ 40 ശതമാനും മെയില്‍ 59 ശതമാനവും പൊടിക്കാറ്റിന് കുറവ് രേഖപ്പെടുത്തി. രാജ്യത്ത് കൂടുതല്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചതും മറ്റ് പരിസ്ഥിര സംരക്ഷണ നടപടികളുമാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ക്ലൗഡ് സീഡിംഗും കാലാവസ്ഥയില്‍ വന്ന അനൂകലമായ മാറ്റങ്ങളും പൊടിക്കാറ്റ് കുറയുന്നതിന് കാരണമായിട്ടുണ്ടെന്നും ഈ മേഖലയിലെ വിഗദ്ധര്‍ പറയുന്നു.

Content Highlights: Saudi Arabia records the lowest rate of dust and sand storms

To advertise here,contact us