സൗദിയിൽ ഒരാഴ്ച നിയമലംഘനങ്ങൾക്ക് അറസ്റ്റിലായവർ 21,997 പേർ; കണക്ക് പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം

ആഗസ്റ്റ് ഏഴ് മുതൽ ആഗസ്റ്റ് 13 വരെയുള്ള കാലയളവിൽ സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേരുടെ അറസ്റ്റ് നടന്നത്.

സൗദി അറേബ്യയിൽ കഴിഞ്ഞ ആഴ്ചയിൽ വിവിധ നിയമലംഘനങ്ങളുടെ പേരിൽ 21,997 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് ഏഴ് മുതൽ ആഗസ്റ്റ് 13 വരെയുള്ള കാലയളവിൽ സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേരുടെ അറസ്റ്റ് നടന്നത്. അറസ്റ്റിലായവരിൽ 13,434 പേർ താമസ നിയമ ലംഘകരും 4,697 പേർ അതിർത്തി സുരക്ഷാ നിയമ ലംഘകരും 3,866 പേർ തൊഴിൽ നിയമ ലംഘകരുമാണ്.

സൗദി അറേബ്യയിലേക്ക് അതിർത്തി ലംഘനം വഴി കടക്കാൻ ശ്രമിക്കവെ പിടിയിലായവരുടെ എണ്ണം 1,787 ആണ്. പിടിയിലായവരിൽ 35 ശതമാനം പേർ യെമൻ പൗരന്മാരും 64 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരും ഉൾപ്പെടുന്നു. കൂടാതെ, രാജ്യത്തിന് പുറത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കവെ 27 പേരെയും അറസ്റ്റ് ചെയ്തു.

18,149 നിയമലംഘകരെ യാത്രാ രേഖകൾക്കായി അതത് നയതന്ത്ര കാര്യാലയങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 2,973 പേരുടെ യാത്രാ ടിക്കറ്റ് ബുക്ക് വിവരങ്ങൾ അന്വേഷിക്കാനാണ് തീരുമാനം. 12,861 പേരെ നാടുകടത്തി. നിയമ ലംഘകർക്ക് താമസ സൗകര്യവും ജോലിയും യാത്രാസൗകര്യവും നൽകിയ 18 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ 22,837 പുരുഷന്മാരും 2,602 സ്ത്രീകളും ഉൾപ്പെടെ 25,439 വിദേശികൾ നിയമ നടപടികൾ പൂർത്തിയാക്കുന്ന ഘട്ടത്തിലാണ്.

രാജ്യത്തേക്ക് ആളുകളെ അനധികൃതമായി പ്രവേശിപ്പിക്കാൻ സഹായിക്കുകയോ, രാജ്യത്തിനകത്ത് അവരെ കൊണ്ടുപോവുകയോ, അവർക്ക് താമസ സൗകര്യമോ മറ്റ് സഹായങ്ങളോ സേവനങ്ങളോ നൽകുകയോ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിനായി ഉപയോഗിക്കുന്ന വാഹനങ്ങളും താമസ സൗകര്യമൊരുക്കാൻ ഉപയോഗിച്ച വീടുകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം അറിയിച്ചു.

നിയമ ലംഘനങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Content Highlights: Nearly 22,000 violators of residency, border security and labor laws arrested in a week

To advertise here,contact us