പ്രമുഖ സൗദി കവിക്ക് ജീവപര്യന്തം വിധിച്ച് കുവൈറ്റ് കോടതി; 27 മക്കളുടെ പൗരത്വവും റദ്ദാക്കി

അന്വേഷണം ശക്തമായതിന് പിന്നാലെ 2016ല്‍ ഇയാള്‍ കുവൈറ്റ് വിട്ടിരുന്നു

മരണമടഞ്ഞ കുവൈറ്റ് പൗരന്റെ അനന്തരാവകാശിയാണെന്ന വ്യാജ രേഖകള്‍ ചമച്ച് കുവൈറ്റ് പൗരത്വം നേടിയ സൗദി കവിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. വ്യാജ രേഖ ചമയ്ക്കുന്നതിനൊപ്പം ഇയാള്‍ പൊതു ഫണ്ടില്‍ നിന്നും 1.79 മില്യണ്‍ ദിനാറാണ് തട്ടിയെടുത്തത്. ഇതിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കുവൈറ്റ് ക്രിമിനല്‍ കോടതി കണ്ടെത്തി.

തന്റെ 34ാം വയസിലാണ് ഇയാള്‍ സൗദി പൗരത്വം ഉപേക്ഷിച്ചത്. പിന്നാലെ കുവൈറ്റ് പൗരന്റെ പേരില്‍ വ്യാജ രേഖ ചമക്കുകയും പേര് തന്നെ മാറ്റുകയും ചെയ്തു. 1994ലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. 1961ല്‍ ജനിച്ച ഇയാള്‍ താന്‍ 1972ല്‍ ജനിച്ചതാണെന്ന വ്യാജ ജനന സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കി. ഇതും കോടതിക്ക് വ്യക്തമായിട്ടുണ്ട്.

ഇയാളുടെ തട്ടിപ്പ് വ്യക്തമായതിന് പിന്നാലെ ആണ്‍മക്കളും പെണ്‍മക്കളുമടക്കമുള്ള 27 മക്കള്‍ക്കും ഇതോടെ കുവൈറ്റ് പൗരത്വം നഷ്ടമായി. 2024ലാണ് ഇയാളുടെ പൗരത്വം റദ്ദായത്. അന്വേഷണം ശക്തമായതിന് പിന്നാലെ 2016ല്‍ ഇയാള്‍ കുവൈറ്റ് വിട്ടിരുന്നു.Content Highlights: Saudi poet sentenced to life in Kuwait for citizenship fraud 

To advertise here,contact us