സൗദി അറേബ്യയില് സുപ്രധാന മേഖലകളില് സൗദിവത്കരണം അഥവാ സ്വദേശിവത്കരണം വര്ധിപ്പിച്ചു. ഇതോടെ പ്രവാസികളായ മലയാളികളുള്പ്പെടെയുള്ളവര് തൊഴില് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്. ഫാര്മസി, ദന്തല്, എന്ജിനീയറിംഗ് മേഖലകളിലാണ് സ്വദേശികളുടെ പങ്കാളിത്തം വര്ധിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കിയിരിക്കുന്നത്. ഇന്ന് മുതല് പുതിയ തീരുമാനം പ്രാബല്യത്തില് വരികയും ചെയ്തിട്ടുണ്ട്. സ്വദേശികള് കൂടുതല് അവസരം നല്കുകയാണ് സ്വദേശിവത്കരണം കൊണ്ട് ലക്ഷ്യമിടുന്നതെങ്കിലും ഇതുകൊണ്ട് വിദേശികളാണ് ബുദ്ധിമുട്ടിലാവുന്നത്. ഓരോ മേഖലയിലും വ്യത്യസ്തമായ സ്വദേശിവത്കരണ നിരക്കുകളാണ് തീരുമാനിച്ചിരിക്കുന്നത്.
ഫാര്മസി മേഖലയിലെ മാറ്റങ്ങളില്, ആശുപത്രികളുമായി ബന്ധപ്പെട്ട് അറുപത്തിയഞ്ച് ശതമാനമാണ് സ്വദേശിവത്കരണം നിര്ബന്ധമാക്കിയിരിക്കുന്നത്. കമ്മ്യുണിറ്റി ഫാര്മസികളിലും മെഡിക്കല് കോംപ്ലക്സുകളില് ഇത് മുപ്പത്തിയഞ്ച് ശതമാനം ആക്കിയപ്പോള്, ഫാര്മസിയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്ത്തനങ്ങള്ക്ക് അമ്പത്തിയഞ്ച് ശതമാനം അവസരം സ്വദേശികള്ക്കായിരിക്കണമെന്നാണ് നിര്ദേശം. ദന്തല് മേഖലയില് ജോലി ചെയ്യുന്ന സ്വദേശികള്ക്ക് 9000 റിയാല് ശമ്പളം നിര്ബന്ധമാക്കിയതിനൊപ്പം നാല്പ്പത്തിയൊന്ന് ശതമാനം സ്വദേശിവത്കരണവും ഉണ്ടായിരിക്കണമെന്നാണ് തീരുമാനം. അതേസമയം എന്ജിനീയറിങ് സാങ്കേതിക മേഖലകളിലെ സ്വദേശിവല്ക്കരണം മുഴുവന് ജീവനക്കാരുടെയും എണ്ണത്തിന്റെ മുപ്പത് ശതമാനമായാണ് ഉയര്ത്തിയിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ച് അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനമാണെങ്കില് ഈ നിയമം ബാധകമാണ്. മാത്രമല്ല സ്വദേശികള്ക്ക് കുറഞ്ഞ് അയ്യായിരം റിയാലായിരിക്കണം ശമ്പളം. ഇക്കാര്യങ്ങളെല്ലാം മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുണ്ട്.
മന്ത്രാലയം പുറപ്പെടുവിച്ച നിര്ദേശങ്ങള് ലംഘിക്കുന്ന തൊഴില്ദാതാക്കള്ക്കെതിരെ കര്ശനമായ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. തൊഴില് സാധ്യത കണക്കിലെടുത്ത് സൗദിയിലെ യുവതലമുറയിലുള്ളവര് ഈ മേഖലകളിലയാണ് പഠിക്കാനായി തെരഞ്ഞെടുക്കുന്നതും. നിലവില് സൗദികള്ക്കിടയില് തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമെന്ന താഴ്ന്ന നിലയിലെത്തിയെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.Content Highlights: Saudi Arabia Expands Saudization in these three professions