സൗദി പണ്ഡിതനെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ച കേസിൽ പ്രതിയായ ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ നടപ്പിലാക്കി സൗദി ഭരണകൂടം.
എഴുത്തുകാരനും യൂനിവേഴ്സിറ്റി പ്രഫസറും ഗവേഷകനും ഹദീസ് പണ്ഡിതനുമായ ഡോ അബ്ദുൽ മാലിക് ഖാദിയെ വധിച്ച മഹ്മൂദ് അൽ മുൻതസിർ അഹ്മദ് യൂസുഫ് എന്നയാളുടെ ശിക്ഷയാണ് നടപ്പിലാക്കിയത്. സംഭവമുണ്ടായതിന്റെ 42ാം ദിവസമാണ് ശിക്ഷ നടപ്പാക്കിയത്.
കിങ് ഫഹദ് സർവകലാശാലയിലെ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മേധാവിയായിരുന്നു ഡോ അബ്ദുൽ മാലിക് ഖാദി. ഈ സ്ഥാനത്ത് നിന്ന് വിരമിച്ച് സൗദി കിഴക്കൻ പ്രവിശ്യയിലെ വീട്ടിൽ ഭാര്യയോടൊപ്പം കഴിഞ്ഞുവരികെയാണ് ഭിന്നശേഷിക്കാരൻ കൂടിയ 80 വയസുകാരനായ പ്രഫസർ കൊല്ലപ്പെട്ടത്. ദമ്മാമിലെ ദഹ്റാനിലുള്ള വീട്ടിൽവെച്ച് ഇക്കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു സംഭവം.
വീടിന് സമീപത്തുള്ള സൂപ്പർമാർക്കറ്റിലെ ഡെലിവറി ജീവനക്കാരനായിരുന്നു പ്രതി. പരാതിയ്ക്ക് പ്രഫസറെ മുൻ പരിചയമുണ്ടായിരുന്നു. ഇത് മുതലെടുത്ത് വീട്ടിൽ പ്രഫസറും ഭാര്യയും തനിച്ചാണെന്ന് മനസിലാക്കി വീടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയ പ്രതി ഇവരെ ആക്രമിച്ചു. പ്രഫസറെ പത്തിലേറെ തവണ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവസ്ഥലത്ത് തന്നെ പ്രഫസർ മരിച്ചു.
ഭാര്യ അദ്ല ബിന്ത് ഹമീദ് മർദിനിയ്ക്കും മർദ്ദനമേറ്റു. ഗുരുതര പരിക്കേറ്റ അവർ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ശേഷം പണവുമായി പ്രതി മുങ്ങിയെങ്കിലും പിന്നീട് പൊലീസ് കുറ്റവാളിയെ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തി കൂടുതൽ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഉടനെ അന്വേഷണം പൂർത്തിയാക്കി കോടതിയിലെത്തിയ കേസിൽ വധശിക്ഷ വിധിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ഉടൻ ശിക്ഷ നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
Content Highlights: Saudi scholar's murder case: Egyptian national hanged on 42nd day