സൗദി മദ്യനിരോധനം എടുത്തുമാറ്റാൻ ഒരുങ്ങുന്നു? നിലപാട് വ്യക്തമാക്കി അധികൃതർ

73 വർഷമായി സൗദിയിൽ മദ്യനിരോധനം നിലവിലുണ്ട്

ദുബായ്: മദ്യനിരോധനം എടുത്തുമാറ്റാൻ രാജ്യം ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് സൗദി അറേബ്യൻ അധികൃതർ. 2034 ഫുട്ബോൾ ലോകകപ്പിന് മുൻപായി മദ്യനിരോധനം മാറ്റുമെന്ന റിപ്പോർട്ടാണ് അധികൃതർ നിഷേധിച്ചത്.

ഒരു അന്താരാഷ്ട്ര മാധ്യമത്തിലാണ് ഇത്തരത്തിൽ റിപ്പോർട്ട് വന്നത്. സൗദി സമ്പൂർണ മദ്യനിരോധനം നിർത്തലാക്കുന്നുവെന്നും 2034 ഫുട്ബോൾ ലോകകപ്പിന് മുൻപായി നിയന്ത്രിതമായ രീതിയിൽ മദ്യവിതരണത്തിന് അനുമതി നൽകുമെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത്തരത്തിലൊരു തീരുമാനം ഉണ്ടാകില്ലെന്നും വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സൗദി അധികൃതർ അറിയിച്ചു.

73 വർഷമായി സൗദിയിൽ മദ്യനിരോധനം നിലവിലുണ്ട്. ഇസ്‌ലാം മതസ്ഥരുടെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായ മെക്കയും മദീനയും സ്ഥിതി ചെയ്യുന്നിടമാണ് സൗദി. നിലവിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കൂടുതൽ ടൂറിസം, വ്യവസായ നിക്ഷേപങ്ങൾ കൊണ്ടുവരാനായി രാജ്യത്ത് വിവിധ പരിഷ്‌കാരങ്ങൾ നടത്തിവരികയാണ്.

ഇത്തരത്തിൽ മദ്യനിരോധനം നിലനിൽക്കെത്തന്നെ അമുമുസ്‌ലിങ്ങളായ നയതന്ത്ര ഉദ്യോഗസ്ഥർക്കായി റിയാദിൽ ഒരു മദ്യശാലയും അധികൃതർ തുറന്നുനൽകിയിരുന്നു. മദ്യനിരോധനം ലംഘിക്കുന്നവർക്ക് പിഴ, തടവ്, നാടുകടത്തൽ എന്നിവയാണ് ശിക്ഷയായി ലഭിക്കുക. ചാട്ടവാറടിയും ശിക്ഷയായി ലഭിക്കും.

Content Highlights: Saudi denies reports of allowing alcohol at country

To advertise here,contact us