റിയാദ്: റിയാദിൽ ജാക്സ് ഫിലിം സ്റ്റുഡിയോ സ്ഥാപിക്കാൻ ഒരുങ്ങി സൗദി ഫിലിം കമ്മീഷൻ. സിനിമാ നിർമ്മാണത്തിന് എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ജാക്സ് ഫിലിം സ്റ്റുഡിയോ. സ്റ്റുഡിയോയുടെ വരവോടെ ആഗോള സിനിമാ മേഖലയിൽ തങ്ങളുടേതായ ഇടം സജ്ജമാക്കുകയാണ് സൗദിയുടെ ലക്ഷ്യം. 78-ാമത് കാൻ രാജ്യാന്തര ചലച്ചിത്ര മേളയിലാണ് സൗദി ഫിലിം കമ്മീഷൻ ശ്രദ്ധേയമായ ഈ പ്രഖ്യാപനം നടത്തിയത്.
അടുത്ത വർഷത്തോടെ നിർമ്മാണം പൂർത്തിയാക്കുന്ന ജാക്സ് സ്റ്റുഡിയോയുടെ വിസ്തൃതി 7,000 ചതുരശ്ര മീറ്ററിലധികമാണ്. 1500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള രണ്ട് സൗണ്ട് സ്റ്റുഡിയോകളും സോണിയുടെ ഏറ്റവും നൂതനമായ സ്ക്രീൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഒരു കട്ടിംഗ് എഡ്ജ് യൂണിറ്റും സ്റ്റുഡിയോയിൽ ഉൾപ്പെടും. ഒരു സ്വകാര്യ സ്ക്രീനിംഗ് റൂം, വിവിധ പരിപാടികൾക്കും മീറ്റിംഗുകൾക്കുമുള്ള സ്പേസുകൾ, പ്രൊഡക്ഷൻ ഒരുക്കം നടത്തുന്നതിനുള്ള ഏരിയകൾ, ഡൈനിംഗ് സോണുകൾ, വിഐപി ലോഞ്ച് എന്നിവയും ഈ സ്റ്റുഡിയോ സമുച്ചയത്തിലുണ്ട്.
സൗദി അറേബ്യയെ ലോക സിനിമയുടെ പ്രധാനകേന്ദ്രമാക്കി മാറ്റാനുള്ള ആദ്യപടിയായാണ് ഈ സ്റ്റുഡിയോ സമുച്ചയം അവതരിപ്പിക്കുന്നത്. സോണിയുടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പരിധിയില്ലാത്ത സിനിമാ നിർമ്മാണ സാധ്യതകൾ പ്രാപ്തമാക്കുന്ന ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ പ്ളാറ്റ്ഫോമുകളിൽ ഒന്നാണ് ജാക്സെന്നാണ് ഫിലിം കമ്മീഷൻ അവകാശപ്പെടുന്നത്. റിയാദിൻ്റെ ഹൃദയഭാഗത്ത് പൂർത്തിയാവുന്ന സ്റ്റുഡിയോയിൽ നിന്ന് രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.
Content Highlight: Film Commission launches JAX Film Studios in Riyadh