റിയാദ്: സൗദിയിലെ സ്വകാര്യമേഖലയിലെ തൊഴിലുകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾക്ക് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നൽകി. ജോലി ഒഴിവുകളുടെ പ്രഖ്യാപനങ്ങളിലും തൊഴിൽ അഭിമുഖങ്ങളിലും ലിംഗഭേദം, വൈകല്യം, പ്രായം, വൈവാഹിക നില തുടങ്ങിയവ ഉൾപ്പെടെ ഒരു തരത്തിലുമുള്ള വിവേചനം ഉണ്ടാവരുതെന്ന് മന്ത്രാലയം നിർദ്ദേിച്ചു.
പുതിയ നിയന്ത്രണങ്ങൾ പ്രകാരം പരസ്യം നൽകുന്ന ജോലികൾ സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന തൊഴിലുകൾക്ക് അനുസൃതമായിരിക്കണം. മന്ത്രാലയത്തിന്റെ അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, കമ്പനിയുടെ വെബ്സൈറ്റ്, ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അല്ലെങ്കിൽ ലൈസൻസുള്ള തൊഴിൽ മേളകൾ എന്നിവയിലൂടെ മാത്രമേ തൊഴിൽ ഒഴിവുകൾ പ്രഖ്യാപിക്കാൻ പാടുള്ളു.
തൊഴിൽ പരസ്യത്തിൽ നിർബന്ധമായും സ്ഥാപനത്തിന്റെ പേര്, പ്രവർത്തനം എങ്ങനെയാണ്, സ്ഥാപനത്തിന്റെ ആസ്ഥാനം, ജോലി സ്ഥലം എന്നിവയുൾപ്പെടെയുള്ള ഒരു സംക്ഷിപ്ത വിവരണം ഉൾപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഏത് പോസ്റ്റിലേക്കാണ് ആളുകളെ തെരഞ്ഞെടുക്കുന്നതെന്നും ജോലിയുടെ സ്വഭാവവും ചുമതലകളും മിനിമം വിദ്യാഭ്യാസ യോഗ്യതകൾ, കഴിവുകൾ എന്നിവയുൾപ്പെടെയുള്ളവയും ഏത് തരത്തിലാണ് ജോലിക്ക് അപേക്ഷിക്കേണ്ടതെന്നും പരസ്യത്തിൽ ഉണ്ടാവണം.
ഇതിന് പുറമെ എത്രവർഷത്തെ ജോലി പരിചയമുള്ള ആളുകളെയാണ് നോക്കുന്നത്, ജോലിയുടെ സ്വഭാവം എന്താണ്, എത്രസമയം ജോലി ചെയ്യണം, ജോലി ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും പരസ്യത്തിൽ കാണിക്കണം. ഇതിന് പുറമെ ജോലി അപേക്ഷകൾ ഇലക്ട്രോണിക് രൂപത്തിൽ മാത്രമേ സ്വീകരിക്കാൻ പാടുള്ളുവെന്നും വ്യവസ്ഥയിൽ പറയുന്നുണ്ട്.
ജോലിയിലേക്കുള്ള അഭിമുഖം ഏത് തരത്തിലുള്ളതായിരിക്കും (നേരിട്ടോ, ഡിജിറ്റലായോ, ഫോണിലോടെയോ) എന്നായിരിക്കും അഭിമുഖം, ഏത് സമയത്ത് ആയിരിക്കും എന്നിവ കുറഞ്ഞത് മൂന്ന് പ്രവർത്തി ദിവസങ്ങൾക്ക് മുമ്പെങ്കിലും ഉദ്യോഗാർത്ഥികളെ അറിയിക്കണം. എത്ര അപേക്ഷകർ ഉണ്ടോ അത്രയും ആളുകൾക്ക് വരാനുള്ള സൗകര്യം അഭിമുഖ സ്ഥലത്തിന് ഉണ്ടാവണം. അഭിമുഖത്തിനായി കാത്തിരിക്കുന്ന സ്ഥലത്ത് മതിയായ ഡെസ്കുകളും ഇരിപ്പിടങ്ങളും വേണം. അഭിമുഖസ്ഥലത്ത് ഒരു ഇലക്ട്രോണിക് സുരക്ഷാ സംവിധാനമോ സുരക്ഷാ ഗാർഡുകളോ ഉണ്ടായിരിക്കണം, ഇവകൂടാതെ ലിംഗഭേദത്തിനനുസരിച്ചുള്ള വിശ്രമമുറികളും കുടിവെള്ളവും ഉണ്ടായിരിക്കണം.
ഉദ്യോഗാർത്ഥി ഏതെങ്കിലും തരത്തിൽ വൈകല്യമുള്ള ആളാണെങ്കിൽ, അവരുടെ വൈകല്യത്തെ അടിസ്ഥാനമാക്കി ഉചിതമായ ആശയവിനിമയ മാർഗങ്ങൾ ഒരുക്കുന്നതിനും, അഭിമുഖ സ്ഥലത്ത് എല്ലാ സൗകര്യങ്ങളിലേക്കും എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉറപ്പാക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
ജോലിക്കുള്ള അഭിമുഖം നടത്തുന്നതിന് നിർബന്ധമായും ഒരു കമ്മിറ്റി രൂപീകരിക്കണം. ഈ കമ്മറ്റിയിൽ രണ്ട് സൗദി പൗരന്മാർ ഉണ്ടാവണം. ഇതിൽ ഒരാൾ മാനവ വിഭവശേഷി വിദഗ്ദ്ധനായിരിക്കണം. കമ്മറ്റിയിൽ പകുതിയിൽ അധികമാവാത്ത തരത്തിൽ ആവശ്യമെങ്കിൽ ജോലി അഭിമുഖങ്ങളിൽ കമ്മിറ്റിക്ക് സൗദി പൗരൻ അല്ലാത്ത വിദഗ്ധരുടെ സഹായം തേടാം.
ജോലി അഭിമുഖത്തിനിടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും നിയമന സമിതിയെ പുതിയ മാർഗനിർദ്ദേശം വിലക്കുന്നുണ്ട്. അപേക്ഷകന്റെ മുൻ ജോലിയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നതും വിലക്കുന്നു. ആവശ്യമുള്ളപ്പോൾ റഫർ ചെയ്യാൻ കഴിയുന്ന തരത്തിൽ ജോലി അഭിമുഖങ്ങളുടെ ഫലങ്ങൾ രേഖപ്പെടുത്തണം.
അഭിമുഖ തീയതി മുതൽ പരമാവധി 30 ദിവസത്തിനുള്ളിൽ ഏതെങ്കിലും ഔദ്യോഗിക മാർഗങ്ങളിലൂടെ ജോലി അഭിമുഖത്തിന്റെ ഫലങ്ങൾ അപേക്ഷകരെ അറിയിക്കണമെന്നും പുതിയ ചട്ടത്തിൽ പറയുന്നുണ്ട്. ഇനി അഭിമുഖത്തിൽ അപേക്ഷകൻ പരാജയപ്പെട്ടാൽ അതിനുള്ള കാരണങ്ങൾ വിശദീകരിക്കുകയും വേണം.
Content Highlights: Saudi Arabia HR Ministry approves regulations for private sector job ads and interviews