ഇരുപത്തിനാല് വർഷം നാട് കാണാതെ യുവതി; ഒടുവിൽ മടങ്ങാൻ സഹായിച്ച് റിയാദ് ഇന്ത്യൻ എംബസി

തുടർന്ന് സുരക്ഷിതമായി നാട്ടിലേക്ക് പോകുന്നതിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു എംബസി

റിയാദ്: കഴിഞ്ഞ 24 വർഷമായി സൗദി അറേബ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരി റിയാദിലെ ഇന്ത്യന് എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. അടുത്തിടെയാണ് യുവതി നാട്ടിലേക്ക് മടങ്ങാൻ എംബസിയുടെ സഹായം തേടിയത്. തുടർന്ന് സുരക്ഷിതമായി നാട്ടിലേക്ക് പോകുന്നതിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു എംബസി. റിയാദ് എംബസി ഉദ്യോഗസ്ഥർ യുവതിയോടൊപ്പമുള്ള ചിത്രം എക്സിലൂടെ പങ്കുവെച്ചു.

'കഴിഞ്ഞ 24 വർഷമായി സ്വന്തം നാടായ ഇന്ത്യ സന്ദർശിക്കാൻ സാധിക്കാതിരുന്ന സ്ത്രീ നാട്ടിലേക്ക് മടങ്ങിപോകുന്നതിനായി സഹായത്തിനായി എംബസിയെ സമീപിച്ചു. സന്നദ്ധപ്രവർത്തകരും സൗദി അധികൃതരുമായി ചേർന്ന് എംബസി അവളുടെ എക്സിറ്റ് നേടി. ഇന്ന് രാത്രി അവർ ഇന്ത്യയിലേക്ക് മടങ്ങി പോകും', എംബസി എക്സിൽ പോസ്റ്റ് ചെയ്തു.

നാട്ടിലേക്ക് മടങ്ങുന്നതിനായി സൗദി അധികൃതർ നൽകിയ സഹായത്തിന് എംബസി നന്ദി അറിയിച്ചു. മാർച്ച് 10ന് നാട്ടിലേക്ക് മടങ്ങുന്നതിന് സഹായം തേടിയെത്തിയ അഞ്ച് ഇന്ത്യൻ വനിതകളെ റിയാദിലെ ഇന്ത്യൻ എംബസി മടങ്ങാൻ സഹായിച്ചിരുന്നു.

To advertise here,contact us