റിയാദ്: ഇസ്രയേൽ ആക്രമണത്തിൽ പരിക്കേൽക്കുന്ന പലസ്തീനികളെ ആശുപത്രിയിലേക്ക് എത്തിക്കാനായി ഈജിപ്തിലേക്ക് ആംബുലൻസുകൾ അയച്ച് സൗദി അറേബ്യ. മൂന്ന് ആംബുലൻസുകളാണ് സൗദി ഈജിപ്തിലേക്ക് അയച്ചത്. ഈജിപ്തിലെ എൽ-അരിഷ് ഇന്റർനാഷണൽ എയർപോർട്ട് വഴി എത്തേണ്ട 20 എമർജൻസി വാഹനങ്ങളുടെ ഒരു ഭാഗമാണ് ആംബുലൻസുകൾ. ഒമ്പത് ദുരിതാശ്വാസ വിമാനങ്ങളാണ് ഇതുവരെയായി രാജ്യം പലസ്തീനിലേക്ക് അയച്ചതെന്നും സൗദി പ്രസ്സ് ഏജൻസ് അറിയിച്ചു.
സൗദി രാജാവ് സൽമാന്റേയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റേയും നേതൃത്വത്തിൽ നേരത്തെയും മാനുഷിക സഹായ വിതരണവും അടിയന്തര വാഹനങ്ങളും പലസ്തീനിലേക്ക് എത്തിച്ചിരുന്നു. ഗാസയിലെ ജനങ്ങൾക്കുളള പിന്തുണയുടെ ഭാഗമായിട്ടായിരുന്നു മാനുഷിക സഹായങ്ങൾ എത്തിച്ചു നൽകിയത്. ഇസ്രയേൽ ആംബുലൻസുകളെ ആക്രമിക്കുന്നതും ആശുപത്രികൾക്ക് നേരെ വ്യോമാക്രമണം നടത്തുന്നതും ശക്തമായ സാഹചര്യത്തിലാണ് സൗദിയുടെ സഹായം.
ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം; ആശുപത്രികളുടെ പ്രവർത്തനം നിലച്ചു
ഹമാസിനെതിരെയുളള ആക്രമണം ഇസ്രയേൽ വ്യാപിപ്പിച്ചതിന് പിന്നാലെ ഗാസയിലെ ജനങ്ങൾ രൂക്ഷമായ ഭക്ഷ്യക്ഷാമവും കൃത്യമായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നില്ലെന്നും യുഎൻ യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം പറഞ്ഞിരുന്നു. 'ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും വിതരണം ഗാസയിൽ പ്രായോഗികമായി നിലവിലില്ല, ആവശ്യമുള്ളതിന്റെ ഒരു ഭാഗം മാത്രമേ അതിർത്തികളിലൂടെ എത്തിച്ചേരുന്നുള്ളൂ. ശീതകാലം അടുത്ത് വരുന്നതും സുരക്ഷിതമല്ലാത്തതും തിങ്ങിനിറഞ്ഞതുമായ ഷെൽട്ടറുകൾ, ശുദ്ധജലത്തിന്റെ അഭാവം എന്നിവ മൂലം സാധാരണക്കാർ പട്ടിണിയെ അഭിമുഖീകരിക്കുന്നു,' ഡബ്ല്യുഎഫ്പി എക്സിക്യൂട്ടീവ് ഡയറക്ടർ സിൻഡി മക്കെയ്ൻ പ്രസ്താവനയിൽ പറഞ്ഞു.
ഗാസയ്ക്ക് കൂടുതൽ സഹായം നൽകി യുഎഇ; നൂറ് ടൺ അവശ്യവസ്തുക്കൾ ഈജിപ്റ്റിലെത്തിച്ചു
യുഎൻ സഹായ വിതരണ ട്രക്കുകൾക്ക് പരിമിതമായ ഇന്ധന വിതരണം മാത്രമേ ഇസ്രായേൽ അനുവദിച്ചിട്ടുള്ളൂ. വേണ്ടത്ര ഇന്ധനം ഇല്ലാത്തതിനാൽ വിതരണ വാഹനങ്ങൾക്ക് ഈജിപ്തിൽ നിന്ന് റാഫ അതിർത്തി കടയ്ക്കാനായിട്ടില്ലെന്ന് റിപ്പോർട്ടുണ്ട്.